ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുണ്ടായ ലൈംഗിക ആരോപണങ്ങളും മലയാള സിനിമയെ ഞെട്ടിച്ചിരിക്കുകയാണ്. താരസംഘടനയായ അമ്മയിൽ പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള എല്ലാ ഭാരവാഹികളും രാജിവച്ചു. ഭരണസമിതി പിരിച്ചുവിട്ടു.
നടി രേവതി ഉയർത്തിയ പീഡന ആരോപണത്തെ തുടർന്ന് സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനവും ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനു പിന്നാലെ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനവും രാജിവച്ചിരുന്നു. പിന്നീട് ജോയിന്റ് സെക്രട്ടറി ബാബുരാജിനെതിരെയും ആരോപണം ഉയർന്നതോടെ അമ്മ വലിയ പ്രതിസന്ധിയിലായി.
ഈ സംഭവങ്ങളിൽ ജഗദീഷ്, ജയൻ ചേർത്തല തുടങ്ങിയ താരങ്ങൾ പരസ്യമായി പ്രതികരിച്ചു. പൃഥ്വിരാജ് അമ്മയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് തുറന്നു പറഞ്ഞു.
രാജിയിൽ നിന്ന് ചിലർ മോഹൻലാലിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം തീരുമാനത്തിൽ ഉറച്ചു നിന്നു. രാജിക്ക് മുമ്പ് മോഹൻലാൽ മമ്മൂട്ടിയുമായി സംസാരിച്ചിരുന്നുവെന്നും മമ്മൂട്ടി ഉൾപ്പെടെ എല്ലാവരും രാജിവയ്ക്കാൻ നിർദ്ദേശിച്ചുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.
നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് മോഹൻലാൽ അംഗങ്ങളോട് പറഞ്ഞതായാണ് പുറത്തുവരുന്ന വിവരം. അതേസമയം, വിഷയത്തിൽ മാധ്യമങ്ങളോട് ഇതുവരേയും മോഹൻലാൽ പ്രതികരിച്ചിട്ടില്ല.