കൊച്ചി: തൃശൂരിൽ സൗജന്യ ഡയാലിസിസ് സെന്റർ തുറക്കാനുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ തീരുമാനം തെറ്റാണെന്ന് ഹൈക്കോടതി. ദേവസ്വം പൊതു ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ മാറ്റിവച്ച ഉത്തരവും ഡയാലിസിസ് സെന്റർ തുടങ്ങാനുള്ള തീരുമാനവും കോടതി റദ്ദാക്കി.
ദേവസ്വം ഫണ്ട് ക്ഷേത്രങ്ങളുടെ നിത്യചെലവുകൾ കഴിഞ്ഞ് ഹിന്ദു സമൂഹത്തിന്റെ വിദ്യാഭ്യാസ, സാമ്പത്തിക, സാംസ്കാരിക ഉന്നമനത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതി ദേവസ്വം ബഞ്ച് ചൂണ്ടിക്കാട്ടി. 20 ലക്ഷത്തിൽ കൂടുതൽ ചെലവഴിക്കുമ്പോൾ ദേവസ്വം ബോർഡ് കോടതിയുടെ അനുമതി തേടേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി, എന്നാൽ ഇത് പാലിച്ചില്ലെന്നും പറഞ്ഞു.
ശ്രീകുമാർ എന്ന ഭക്തന്റെ പരാതിയെ തുടർന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ദേവസ്വം ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ മാറ്റിവച്ചത് ശരിയല്ലെന്നും, ഫണ്ട് തിരികെ നൽകുമെന്നു പറഞ്ഞതും തികച്ചും തെറ്റാണെന്ന് വിധിയിൽ വ്യക്തമാക്കി.
തൃശൂരിൽ ഉപേക്ഷിച്ച ദേവസ്വം ക്വാർട്ടേഴ്സുകൾ നവീകരിച്ചാണ് ധന്വന്തരി ഡയാലിസിസ് സെന്റർ തുടങ്ങിയത്. മതഭേദമെന്യേ സേവനം നൽകാൻ തീരുമാനിച്ചെങ്കിലും, സെന്റർ ഒരു ദിവസം പോലും പ്രവർത്തിച്ചിരുന്നില്ല.





