പൂരം കലക്കിയതിനാലാണ് സുരേഷ് ഗോപി വിജയിച്ചതെന്ന് പറയുന്ന വി.ഡി സതീശന്‍, തൃശൂരിലെ വോട്ടര്‍മാരെ അവഹേളിക്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. പി.വി അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ച് പിണറായി വിജയനെയും എഡിജിപിയെയും രക്ഷിക്കാനുള്ള പ്രതിപക്ഷ നേതാവിന്‍റെ അജന്‍ഡയാണ് ആര്‍എസ്എസ് വിവാദത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.
അന്‍വര്‍ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍, കസ്റ്റഡി കൊലപാതകം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൊലപാതകം തുടങ്ങി ഗുരുതരമായ വിഷയങ്ങളെക്കുറിച്ച് പ്രതിപക്ഷത്തിന് മിണ്ടാട്ടമില്ല. മാസപ്പടിക്കേസിലേതു പോലെ പിണറായി വിജയനെ സംരക്ഷിക്കാനാണ് സതീശന്‍റെ ശ്രമമെന്നും മുരളീധരന്‍ തൃശൂരില്‍ ആരോപിച്ചു.
പൂരത്തില്‍ കുഴപ്പങ്ങളുണ്ടായത് എങ്ങനെയെന്ന് അന്വേഷിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണമെന്നും മുൻകേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
എഡിജിപി എന്തിന് വന്നുവെന്ന് ആര്‍എസ്എസ് നേതൃത്വം പറയും. ആർഎസ്എസിനെ ഇകഴ്ത്തുന്ന വി.സി സതീശന്‍ 2006ലും 2013ലും ആ സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട് എന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. ശബരിമലയില്‍ ഹിന്ദു വിശ്വാസികള്‍ കണ്ണീരണിഞ്ഞപ്പോള്‍ മിണ്ടാതിരുന്ന സതീശന്‍ ബിജെപിയെ ഹൈന്ദവ സ്നേഹം പഠിപ്പിക്കേണ്ടതില്ല.
ശബരിമലയില്‍ ആചാരലംഘനത്തിന് പോലീസുകാരെ കാവലിട്ട പിണറായി വിജയനും ഗണപതി മിത്താണെന്ന് പ്രസംഗിക്കുന്ന ഷംസീറുമടങ്ങിയ സിപിഎം പൂരം കലക്കും. ഗുരുവായൂരപ്പനെ അവഹേളിച്ച കേരളത്തിലെ ഏക രാഷ്ട്രീയ നേതാവാണ് പിണറായി വിജയനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടകരയില്‍ നിന്ന് പേടിച്ചോടി തൃശൂരില്‍ വന്ന കെ.മുരളീധരനും, സ്വന്തം പഞ്ചായത്തിൽപ്പോലും ലീഡ് ചെയ്യാന്‍ ശേഷിയില്ലാത്ത സുനില്‍കുമാറും തോറ്റുപോയത് എന്തുകൊണ്ടാണെന്ന് ആരോപണമുന്നയിക്കുന്നവർക്ക് തന്നെ പരിശോധിക്കാം. പ്രതിപക്ഷ നേതാവ് ഉത്തരം നൽകേണ്ട അഞ്ചുചോദ്യങ്ങളും വി.മുരളീധരൻ വാർത്താസമ്മേളനത്തിൽ ഉയർത്തി.
- തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ 1275 ബൂത്തുകളിൽ കോൺഗ്രസ് സ്ഥാനാര്‍ഥി മൂന്നാംസ്ഥാനത്തായിരുന്നു. ഇതില്‍ 620 ഇടത്തെ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് നിങ്ങളുടെ സ്ഥാനാര്‍ഥി പാര്‍ട്ടി അന്വേഷണക്കമ്മിഷന് മുന്നില്‍ ആവശ്യം വച്ചില്ലേ ? അവരെല്ലാം പൂരം കലക്കാന്‍ ഗൂഢാലോചന നടത്തിയവരാണോ ?
- എന്തുകൊണ്ടാണ് കോൺഗ്രസ് തൃശൂരില്‍ മാത്രം സിറ്റിങ് എം.പിക്ക് സീറ്റ് കൊടുക്കാതിരുന്നത് ? അദ്ദേഹത്തിന്‍റെ ”പ്രവര്‍ത്തന മികവി”’നെക്കുറിച്ച് അത്ര ബോധ്യമുണ്ടായിരുന്നതിനാലല്ലേ?
- ഫലപ്രഖ്യാപനത്തിന് ശേഷം ഡിസിസി പ്രസിഡൻ്റിനെ മാറ്റിയത് എന്തിന് ? ടി.എന്‍ പ്രതാപനും ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂരിനുമെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധിച്ചില്ലേ ? യൂത്ത്കോണ്‍ഗ്രസ് പരസ്യമായി രംഗത്ത് വന്നില്ലേ ? മുരളീധരനെ കാലുവാരിയെന്ന് പറഞ്ഞില്ലേ ?
- ദേശീയനേതാക്കള്‍ തൃശൂരില്‍ പ്രചാരണത്തിന് വരാതിരുന്നത് ബോധപൂര്‍വമാമെന്ന് കെ.മുരളീധരന്‍ ആരോപിച്ചില്ലേ ?ആരാണ് നേതാക്കളെ അയക്കാതിരുന്നത് ? തീരുമാനമെടുത്തിരുന്നത് സതീശനല്ലേ ? ആരാണ് ശരിയായ ഗൂഢാലോചന നടത്തിയത് ?
- നിങ്ങളുടെ നേതാക്കള്‍ കാലുവാരിയെന്നാരോപിച്ച് പാര്‍ട്ടിയോഗത്തില്‍ പൊട്ടിത്തെറിച്ച കെ.മുരളീധരനെതിരെ നടപടിയെടുക്കാന്‍ തയാറാവാത്തത് എന്തായിരുന്നു ? അദ്ദേഹം പറഞ്ഞത് ശരിയെന്ന് ബോധ്യമുണ്ടായതിനാലല്ലേ ?