അബുദാബി: എയർ ഇന്ത്യ എക്സ്പ്രസ് യുഎഇ-ഇന്ത്യ വിമാന സർവീസുകളിൽ വെട്ടിച്ചുരുക്കിയ സൗജന്യ ബാഗേജ് പരിധി പ്രവാസികളുടെ ശക്തമായ പ്രതിഷേധങ്ങൾക്ക് വഴങ്ങി പുനഃസ്ഥാപിച്ചു. ഇന്ന് അർധരാത്രി 12ന് ശേഷം ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 30 കിലോ വരെ ബാഗേജ് കൊണ്ടുപോകാനാകും. ഈ പരിധി ഓഗസ്റ്റ് 19ന് ശേഷം 20 കിലോയാക്കി കുറച്ചിരുന്നെങ്കിലും വ്യാപക പ്രതിഷേധം കൊണ്ട്, കഴിഞ്ഞ ദിവസങ്ങളിൽ പ്രശ്നം വലിയ ചർച്ചയായിരുന്നു.
ചില സംഘടനകൾ എയർലൈനിനെ ബഹിഷ്കരിക്കണമെന്ന് വരെ ആഹ്വാനം ചെയ്തിരുന്നു. കൂടുതൽ സാരമായ പ്രശ്നമാകുന്നതിന് മുമ്പ് എയർലൈനും കേന്ദ്ര സർക്കാരും ഇടപെട്ട് നടപടി കൈക്കൊണ്ടത് പ്രവാസികൾ സ്വാഗതം ചെയ്തു.