Kerala News

സീനിയര്‍ അഭിഭാഷകന്‍റെ മര്‍ദനം: പ്രതിയെ രക്ഷപ്പെടുത്താന്‍ സഹായിച്ചവരും കുറ്റവാളികള്‍; ബാര്‍ കൗണ്‍സില്‍ കര്‍ശന നടപടി സ്വീകരിക്കണം – പി. രാജീവ്


തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകയായ അഡ്വ. ശ്യാമിലിക്ക് നേരെ നടന്ന ക്രൂരമര്‍ദനം സംസ്ഥാനത്തെ നിയമവ്യവസ്ഥയെ നടുക്കിയിരിക്കുകയാണ്. സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിനെതിരെയാണ് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് നിയമമന്ത്രി പി. രാജീവ് വ്യക്തമാക്കി.

അഭിഭാഷകനെ രക്ഷപ്പെടാന്‍ സഹായിച്ച മറ്റ് അഭിഭാഷകരും നിയമപരിധിയിലാകുമെന്ന് മന്ത്രി പറഞ്ഞു. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരും നിയമത്തിന്റെ പരിധിയില്‍ വരണം. യുവതിക്ക് ഒപ്പമാണ് അഭിഭാഷകര്‍ നില്‍ക്കേണ്ടതെന്നും സര്‍ക്കാര്‍ ജൂനിയര്‍ അഭിഭാഷകരുടെ കൂടെയാണെന്നും മന്ത്രി വ്യക്തമാക്കി.

ബെയ്ലിന്‍ ദാസിനെതിരെ നല്‍കിയ പരാതിയില്‍ പൂര്‍ണ വിശ്വാസം ഉണ്ടെന്നും കേസില്‍ നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്നും ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെയും ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് മര്‍ദനം ഉണ്ടായിരുന്നുവെന്നും അതിനെ കുറിച്ച് പരാതി നല്‍കാനാവാതെ പോയതായും ശ്യാമിലി തുറന്നു പറഞ്ഞു.

ബെയ്‌ലിന്‍ ദാസ് കോടതിവളപ്പിലെ അതിക്രമത്തിന് ശേഷം ഒളിവില്‍ പോയിരുന്നു. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് ബാര്‍ അസോസിയേഷന്‍ അദ്ദേഹത്തെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തു. കോടതിയില്‍ ഉണ്ടായ ഈ ആക്രമണം അഭിഭാഷക സമൂഹത്തിന് തന്നെ മോശം പ്രതീതി നല്‍കുന്ന ഒന്നാണെന്നും, അതിനാല്‍ ബാര്‍ കൗണ്‍സില്‍ കര്‍ശന നടപടികളിലേക്ക് നീങ്ങണമെന്ന് അഭ്യര്‍ഥന ശക്തമായി ഉയര്‍ന്നിരിക്കുന്നു.

അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പ് ചേര്‍ക്കാനാവുമെന്നതും, പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ശ്യാമിലി ആവശ്യപ്പെട്ടു. പൊലീസിന്റെ അന്വേഷണത്തില്‍ ഇപ്പോള്‍ തൃപ്തിയുണ്ടെന്നും, ബാര്‍ കൗണ്‍സിലില്‍ നിന്ന് നല്ല പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ശ്യാമിലി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *