Kerala News

രാമൻ നമ്പൂതിരിയുടെ സസ്പെൻഷൻ: പ്രചാരണം വസ്തുതാവിരുദ്ധം, നടപടി ശാസനലംഘനത്തെ തുടർന്നെന്ന് കെ.പി. വിശ്വനാഥൻ

ഗുരുവായൂർ: കീഴ്ശാന്തി ശ്രീ രാമൻ നമ്പൂതിരിയുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം കെ.പി. വിശ്വനാഥൻ വ്യക്തമാക്കി. ഭക്തരോടും ഭരണസമിതിയോടും അവഹേളനപരമായ പെരുമാറ്റവും ശാസനലംഘനവുമാണ് നടപടിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 20ന് നിർമ്മാല്യം തൊഴാനെത്തിയ ഭക്തർ കാത്തുനിൽക്കുമ്പോൾ ശ്രീകോവിൽ വാതിൽ ശക്തമായി അടച്ചതിനെ തുടർന്ന് ദർശനം ലഭിക്കാതെ ചിലർ മടങ്ങേണ്ടിവന്ന സംഭവം പരാതിക്ക് വഴിവെച്ചതായി വിശദീകരിച്ചു. ക്ഷേത്ര മാനേജരും സുരക്ഷാ ഓഫീസറും രേഖാമൂലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയം ഭരണസമിതി പരിഗണിച്ചതെന്നും, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ യാഥാർത്ഥ്യം വ്യക്തമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണസമിതി യോഗത്തിൽ ഹാജരായ രാമൻ നമ്പൂതിരിയുടെ പ്രതികരണം ധിക്കാരപരവും പരിഹാസ്യവുമായിരുന്നു എന്നും, യോഗത്തിൽ നിന്ന് നടന്ന് ഇറങ്ങിപ്പോയതായും വിശ്വനാഥൻ ആരോപിച്ചു. അന്വേഷണവിധേയമായി പ്രവൃത്തിയിൽ നിന്ന് മാറ്റിയതായും, നോട്ടീസ് നൽകിയിട്ടും ഇതുവരെ സ്വീകരിക്കാനോ മറുപടി നൽകാനോ തയ്യാറായിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു. ദേവസ്വം ജീവനക്കാരിൽ പലർക്കും ശിക്ഷണ നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിലും ഭരണസമിതിയെ വെല്ലുവിളിക്കുന്ന സമീപനം അപൂർവമാണെന്നും, സംഭവത്തെ പൊതുസമൂഹവും ഭക്തജനങ്ങളും വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *