Kerala News

‘വിഷൻ 2031’ അന്താരാഷ്ട്ര കോൺഫറൻസ്: ഫെബ്രുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരളത്തിന്റെ ഭാവി വികസന ദിശ നിർണയിക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘വിഷൻ 2031 – വികസനവും ജനാധിപത്യവും’ അന്താരാഷ്ട്ര കോൺഫറൻസ് ഫെബ്രുവരി 15ന് വൈകുന്നേരം 4 മണിക്ക് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷനാകുന്ന ചടങ്ങിൽ നൊബേൽ ജേതാവ് അമർത്യ സെൻ, പ്രശസ്ത ചരിത്രകാരി പ്രൊഫ. റൊമില ഥാപ്പർ എന്നിവർ ഓൺലൈനായി പങ്കെടുക്കും.. വേൾഡ് ഫുഡ് പ്രൈസ് ജേതാവ് ഡോ. ശകുന്തള ഹരക്‌സിംഗ് തിൽസ്തഡ്, മന്ത്രിമാർ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേസ് എന്നിവർ സംസാരിക്കും.

കേരളം രൂപീകരിച്ച് 75 വർഷം പൂർത്തിയാകുന്ന 2031-ൽ സംസ്ഥാനത്തിന്റെ വികസന മാതൃക എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള ആഗോള കാഴ്ചപ്പാട് രൂപീകരിക്കുകയാണ് കോൺഫറൻസിന്റെ ലക്ഷ്യം. 120ഓളം അന്താരാഷ്ട്ര വിദഗ്ധരും നയരൂപീകരണ വിദഗ്ധരും അക്കാദമിക പണ്ഡിതരും പങ്കെടുക്കുന്ന ഈ വേദിയിൽ തൊഴിലാളി അവകാശങ്ങൾ മുതൽ കാലാവസ്ഥാ പ്രതിരോധം, ഡിജിറ്റൽ വിപ്ലവം, ആരോഗ്യവും വിദ്യാഭ്യാസവും, ലിംഗനീതി, സംരംഭകത്വം, ഊർജ്ജ-ജലസ്രോതസുകളുടെ ശാസ്ത്രീയ പരിപാലനം, സാംസ്‌കാരിക വികസനം തുടങ്ങിയ 18 വിഷയങ്ങളിൽ എട്ട് വേദികളിലായി ഫെബ്രുവരി 16ന് സെഷനുകൾ നടക്കും.

ഫെബ്രുവരി 17ന് സമാപന സമ്മേളനവും ‘മതനിരപേക്ഷത, ജനാധിപത്യം, സംവേദനാത്മക സർക്കാർ’ എന്ന വിഷയത്തിലുള്ള പ്രത്യേക സെമിനാറും നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ജമ്മു-കാശ്മീർ മുൻ മുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്ദുള്ള, ജസ്റ്റിസ് എ.പി. ഷാ, സൈദ് അക്തർ മിർസ, പ്രകാശ് കാരാട്ട്, എൻ. റാം എന്നിവർ പങ്കെടുക്കും. സംസ്ഥാന ആസൂത്രണ ബോർഡും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്നാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. കനകക്കുന്നിൽ ഫോട്ടോ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *