പാലക്കാട്: കല്‍പ്പാത്തി സംഗീതോത്സവത്തിന് സ്ഥിരം വേദിയെന്ന ആവശ്യം യാഥാര്‍ത്ഥ്യമാക്കുമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ പറഞ്ഞു.ഈ ആവശ്യം കേന്ദ്ര സാംസ്‌കാരിക വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പാലക്കാട് നഗര സഭ പദ്ധതി തയ്യാറാക്കി നല്‍കിയാല്‍ കാലതാമസമില്ലാതെ സ്ഥിരം വേദി സജ്ജമാക്കാന്‍ കഴിയും. പാലക്കാട് നിന്ന് നിയമ സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടാല്‍ പ്രഥമ പരിഗണനയില്‍ ഇക്കാര്യമുണ്ടാകുമെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. കല്‍പാത്തി രഥോത്സവ കൊടിയേറ്റ ചടങ്ങില്‍ സംബന്ധിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്ഥാനാര്‍ത്ഥി.കാശിയില്‍ പാതി കല്‍പ്പാതിയെന്നാണ് പറയാറ് . പ്രധാന മന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം കാശിക്കുണ്ടായ മാറ്റം ഏവര്‍ക്കും അറിയാം.നമാമി ഗംഗാ പദ്ധതി
പോലെ കല്‍പ്പാത്തി പുഴയെ വീണ്ടെടുക്കാനും കല്‍പ്പാത്തിയുടെ പാരമ്പര്യവും മൂല്യവും സംരക്ഷിച്ചു കൊണ്ട് പൈതൃക ഗ്രാമം പദ്ധതികള്‍ വിപുലീകരിക്കുമെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു.
കാര്‍ഷിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി മാത്തൂരില്‍ സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോ
പാലക്കാട്: കാര്‍ഷിക പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ചും കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിവരിച്ചും മാത്തൂര്‍ പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോ. നെല്ല് സംഭരിക്കാത്തതിനെ തുടര്‍ന്ന് വിളവെടുത്ത നെല്ല് നശിച്ചു പോയ കാര്യം പറഞ്ഞാണ് സ്വീകരണ യോഗങ്ങളില്‍ സ്ഥാനാര്‍ത്ഥി പ്രസംഗം തുടങ്ങിയത്. കടം വാങ്ങി കൃഷി ചെയ്ത കര്‍ഷകര്‍ ദുരിതത്തിലാണ്. ഒരു വര്‍ഷം കഴിഞ്ഞിട്ടും നെല്ല് സംഭരിച്ച വില കര്‍ഷകര്‍ക്ക് ലഭിക്കാത്തതിനെ തുടര്‍ന്ന് കടകെണിയിലായ കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ടി വന്നു. കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ സംഭരണ വില 2014 മുതല്‍ കൂട്ടുന്നുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വില കുറക്കുകയാണ്.കൃത്യമായി സംഭരിക്കാത്തതിനാല്‍ അന്യസംസ്ഥാന മില്‍ ലോബികള്‍ കുറഞ്ഞ വിലക്ക് നെല്ല് ഏറ്റെടുക്കാന്‍ നീക്കം നടക്കുന്നു. ഇത്തരം പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. മോദി സര്‍ക്കാരിന്റെ കിസാന്‍ സമ്മാന നിധിയാണ് ആകെ ആശ്വാസമെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. മണ്ഡലത്തില്‍ കാണാത്ത ആളായിരുന്നു മുന്‍ എം.എല്‍.എ. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ എം.എല്‍.എയെ കാണുന്നില്ലെന്ന പരാതി പറയുന്നു.ജനങ്ങളെ വഞ്ചിച്ച് പാര്‍ലമെന്റിലേക്ക് പോയ എം.എല്‍.എയുടെ നോമിനിയെ ചുമക്കേണ്ട ബാധ്യത പാലക്കാടുകാര്‍ക്ക് ഇല്ലെന്നും സി. കൃഷ്ണകുമാര്‍ പറഞ്ഞു.പതാക ഏന്തിയ നിരവധി ബൈക്കുകളുടെ അകമ്പടിയോടെ
നാസിക് ഡോള്‍ വാദ്യഘോഷങ്ങളുമായി ആവേശമുയര്‍ത്തിയാണ് റോഡ് ഷോ സ്വീകരണ കേന്ദ്രങ്ങളിലേക്ക് എത്തിയത്.
മാത്തൂര്‍ പഞ്ചായത്തിലെ വെട്ടിക്കാട് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്.തുടര്‍ന്ന് വീശ്വലത്തായിരുന്നു സ്വീകരണം. മികച്ച പ്രതികരണമാണ് ഒരോ സ്വീകരണ യോഗങ്ങളിലും ലഭിച്ചത്. പിന്നീട് അമ്പാട്, പൊള്ളപ്പാടം തുടങ്ങിയ സ്ഥലങ്ങളിലും ,മില്‍ സ്റ്റോപ്പ്, മന്ദം, പല്ലഞ്ചാത്തന്നൂര്‍ ഗ്രാമം ,ചൂങ്ക മന്നം തുടങ്ങിയ കേന്ദ്രങ്ങളിലും സ്വീകരണമൊരുക്കി.മന്ദംപുള്ളി ,തെക്കുമുറി വഴി പൊതിമഠത്തില്‍ സമാപിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരുന്നത്. ബി.ജെ.പി സംസ്ഥാന വക്താവ് നാരായണന്‍ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് കെ.എം ഹരിദാസ്, മണ്ഡലം പ്രസിഡന്റ് വിജേഷ് കെ., ബി.ഡി.ജെ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി എ ഗംഗാധരന്‍, തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ സംസാരിച്ചു.
കണ്ണാടി പഞ്ചായത്തില്‍ നിന്നാണ് സ്ഥാനാര്‍ത്ഥി പ്രഭാത പര്യടനം ആരംഭിച്ചത്.കൊടുവക്കോട്, ചാത്തന്‍ കുളങ്ങര പറമ്പ് , കളരിക്കല്‍ ,ചേലക്കാട്, തരൂകുറുശ്ശി മേഖലകളില്‍ വീടുകയറി സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു.തുടര്‍ന്ന് ബി.ജെ.പി.പ്രവര്‍ത്തകന്‍ ചേലക്കാട് ദീപാലയത്തില്‍ ശിവ പ്രസാദിന്റെ വീട്ടില്‍ നിന്നും പ്രഭാത ഭക്ഷണം കഴിച്ചു. ചേലക്കാട് മേഖലയില്‍ തൊഴിലുറപ്പ് തൊഴിലാളികളെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു.തുടര്‍ന്ന് കല്‍പ്പാത്തി രഥോത്സവ കൊടിയേറ്റ് ചടങ്ങില്‍ സ്ഥാനാര്‍ഥിയും, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പങ്കെടുത്തു. പിന്നീട് പാത്തിക്കല്‍, കിണാശ്ശേരി, മമ്പറം മേഖലകളിലും വോട്ടഭ്യര്‍ത്ഥിച്ചു.





