Kerala News

പടയപ്പ മദപ്പാടിൽ; ആനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘം

മൂന്നാർ: കാട്ടാന പടയപ്പ മദപ്പാടിലാണെന്ന് വനം വകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. ഇടത് ചെവിക്ക് സമീപം മദപ്പാട് കണ്ടുപിടിച്ചതിനെ തുടർന്ന്, ആനയുടെ ചിത്രങ്ങൾ വെറ്ററിനറി ഡോക്ടർ പരിശോധിച്ചപ്പോഴാണ് സ്ഥിരീകരണം ലഭിച്ചത്. വനം വകുപ്പ് പ്രത്യേക വാച്ചർമാരെ നിയോഗിച്ചു. ഇതിനകം ആർആർടി (റാപിഡ് റസ്‌പോൺസ് ടീം) പടയപ്പയെ നിരീക്ഷിച്ചുവരുകയാണ്.

പടയപ്പ മദപ്പാട് തുടങ്ങിയാൽ അക്രമാസക്തനാകുന്നത് പതിവാണെന്ന് വനം വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ആദ്യം മദപ്പാടിന്റെ ലക്ഷണങ്ങൾ കണ്ടത്. അതിനുശേഷം, പടയപ്പ നിരവധി വീടുകളും വാഹനങ്ങളും തകർത്തിരുന്നു.

നാളുകളായി ഉൾക്കാട്ടിലേക്ക് മടങ്ങാതെ, ജനവാസ മേഖലയിലേക്കുള്ള പടയപ്പയുടെ നീക്കം ആശങ്കക്കിടയാക്കുന്നുവെന്ന് മൂന്നാർ റേഞ്ച് ഓഫീസർ എസ്. ബിജു അറിയിച്ചു. പടയപ്പയുടെ സഞ്ചാരം കർശനമായി നിരീക്ഷിക്കുമെന്നും, ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *