മലപ്പുറം: കോട്ടക്കൽ നഗരസഭയിലെ ക്ഷേമപെൻഷൻ ഗുണഭോക്താക്കളിൽ വലിയ ക്രമക്കേടുകൾ കണ്ടെത്തിയതായി ധനവകുപ്പിന്റെ അന്വേഷണം. ഏഴാം വാർഡിലെ 42 ഗുണഭോക്താക്കളിൽ 38 പേർ അനർഹരാണെന്ന് പരിശോധനാ വിഭാഗം കണ്ടെത്തി. ഈ ഗുണഭോക്താക്കളിൽ ചിലർക്കു ബിഎംഡബ്ല്യൂ പോലുള്ള ആഡംബര കാറുകളും വലിയ വീടുകളുമുണ്ടെന്ന് റിപ്പോർട്ട്.
ചിലര്‍ ഭാര്യയും ഭര്‍ത്താവും അടക്കം സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവരും ഉള്‍പ്പെടുന്നു. ഉദ്യോഗസ്ഥ തലത്തിലുള്ള ഒത്താശയോടു കൂടി മാത്രമേ ഇത്ര വലിയ ക്രമക്കേട് ഉണ്ടാകൂ എന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.
വില്ലേജ് ഓഫീസർമാരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് അനധികൃതമായി റിപ്പോർട്ട് നൽകിയവരെക്കുറിച്ച് വിജിലൻസ് അന്വേഷണം ആരംഭിക്കാനും ഉത്തരവിട്ടു. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ധനവകുപ്പ് വ്യക്തമാക്കി.
സർവീസ് പെൻഷൻ ലഭിക്കുന്ന 1458 ലേറെ ഉദ്യോഗസ്ഥർ ക്ഷേമപെൻഷൻ കൈപ്പറ്റുന്നുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ പരിശോധനകൾക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുകയാണ്.