തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ തുടരുന്നു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടർന്നാണ് ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴ ലഭിച്ചേക്കാമെന്നാണ് പ്രവചനം. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ കൊണ്ട് അര്‍ഥമാക്കുന്നത്. അതിതീവ്ര മഴ മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. താഴ്ന്ന പ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാമെന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുമെന്നും മധ്യ-തെക്കൻ മലയോര മേഖലകളിൽ ജാഗ്രത ആവശ്യമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രികാലയാത്ര നിരോധിച്ചിട്ടുണ്ട്. വാഗമൺ, ഇല്ലിക്കൽ കല്ല്, മാര്മല അരുവി, ഇല വീഴാ പൂഞ്ചിറ എന്നിവിടങ്ങളിലേക്ക് ഡിസംബർ 4 വരെ പ്രവേശനം നിരോധിച്ചിരിക്കുകയാണ്.