സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും
ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി ‘ക്ഷയരോഗ മുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം’ എന്ന പേരിൽ ആരോഗ്യ വകുപ്പ് നൂറുദിന തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നു. ഗൃഹ സന്ദർശനത്തിലൂടെയും ക്യാമ്പുകൾ നടത്തിയും പരമാവധി ടിബി രോഗികളെ കണ്ടെത്തി ചികിത്സിക്കാനാണ് ക്യാമ്പയിൻ വഴി ലക്ഷ്യമിടുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട പെട്രാസ് കൺവെൻഷൻ സെന്ററിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ഡിസംബർ 7 രാവിലെ 10.30ന് നിർവഹിക്കും.
ക്ഷയരോഗം ബാധിച്ചവരുടെ മരണനിരക്ക് കുറച്ചു കൊണ്ടുവരുന്നതിനാണ് സംസ്ഥാനത്ത് പ്രാധാന്യം നൽകുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പരമാവധി രോഗികളെ കണ്ടെത്തി ചികിത്സ നൽകുക, മരണം പരമാവധി കുറയ്ക്കുക, രോഗത്തെപ്പറ്റിയുള്ള അനാവശ്യ ഭയം ഒഴിവാക്കുക, ക്ഷയ രോഗികളോടുള്ള അവഗണന ഒഴിവാക്കുക, ചികിത്സാ പിന്തുണയും പോഷകാഹാരവും ഉറപ്പാക്കുക, ക്ഷയരോഗ പ്രതിരോധ ചികിത്സ നൽകുക, ക്ഷയരോഗ ബോധവത്കരണം നടത്തുക എന്നിവയാണ് നൂറു ദിന ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യങ്ങൾ. ക്ഷയരോഗം നേരത്തെ കണ്ടെത്തി മതിയായ ചികിത്സ ഉറപ്പാക്കാൻ, ജീവിതശൈലീ രോഗങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള ആർദ്രം ആരോഗ്യം വാർഷിക ആരോഗ്യ പരിശോധനയിൽ ക്ഷയരോഗം കൂടി ഉൾപ്പെടുത്തി. അവരുടെ വിശദമായ പരിശോധന ഈ ക്യാമ്പയിൻ കാലത്ത് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ ജില്ലകളേയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹിക പ്രസ്ഥാനങ്ങൾ, പ്രാദേശിക സംഘടനകൾ, യുവജന പ്രസ്ഥാനങ്ങൾ, ടിബി ചാമ്പ്യൻമാർ, വിദ്യാർത്ഥികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയ പങ്കാളികളെ ഉൾപ്പെടുത്തിക്കൊണ്ട് ബോധവൽക്കരണ പ്രവർത്തനങ്ങൾ, ക്ഷയരോഗ നിർണയ ക്യാമ്പുകൾ, ക്ഷയരോഗ നിവാരണ പ്രതിജ്ഞ തുടങ്ങിയ വിപുലമായ പ്രവർത്തന പരിപാടികളാണ് ഈ ദിനങ്ങളിൽ സംഘടിപ്പിക്കുന്നത്.
ഇത് കൂടാതെ വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, ജയിലുകൾ, അതിഥി തൊഴിലാളികളി ക്യാമ്പുകൾ എന്നിവ സന്ദർശിച്ച് രോഗികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നു. പ്രമേഹബാധിതർ, എച്ച്ഐവി അണുബാധിതർ, ഡയാലിസിസ് ചെയ്യുന്നവർ അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ തുടങ്ങിയവരിൽ ക്ഷയരോഗ സാധ്യത കൂടിയതിനാൽ ഇവരിലും വരുന്ന ദിവസങ്ങളിൽ കഫ പരിശോധന നടത്തും.
ക്ഷയരോഗ നിവാരണ പരിപാടികളിൽ രാജ്യത്ത് മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയൊട്ടാകെ നോക്കുമ്പോൾ ഒരു ലക്ഷം പേരിൽ 166 രോഗികൾ ഉള്ളപ്പോൾ കേരളത്തിൽ അത് ഒരു ലക്ഷത്തിൽ 61 ആണ്. സ്വകാര്യ ആശുപത്രികളിൽ കണ്ടുപിടിക്കുന്ന ക്ഷയ രോഗികൾക്ക് മരുന്നുകൾ സൗജന്യമായി നൽകുന്ന സ്റ്റെപ്സ് (സിസ്റ്റം ഫോർ എലിമിനേഷൻ ടിബി ഇൻ പ്രൈവറ്റ് സെക്ടർ) പദ്ധതി തുടങ്ങിയത് കേരളമാണ്. മികച്ച പ്രവർത്തനങ്ങൾക്ക് 2023ൽ കേരളത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. 2023ൽ 59 ഗ്രാമ പഞ്ചായത്തുകളും പെരുമ്പാവൂർ മുനിസിപ്പാലിറ്റിയും ക്ഷയരോഗ മുക്ത പഞ്ചായത്തുകൾക്കുള്ള പുരസ്‌കാരത്തിന് അർഹമായി.