തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട്, നൃത്താവിഷ്കാരം ചിട്ടപ്പെടുത്താൻ നടി അഞ്ചു ലക്ഷം രൂപ പ്രതിഫലം ചോദിച്ചതായുള്ള പരാമർശം പിന്‍വലിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിവാദം തുടരാതിരിക്കാനാണ് തന്റെ പരാമർശം പിന്‍വലിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
“അഞ്ച് ലക്ഷം ചോദിച്ചു, എന്നോട് നേരിട്ടല്ല, പ്രസ് സെക്രട്ടറി രാജീവിനോട് ആണ് പറഞ്ഞത്. വിവാദങ്ങൾ വേണ്ടെന്ന് കരുതി പ്രസ്താവനം പിന്‍വലിക്കുന്നു,” മന്ത്രി പറഞ്ഞു. കലോത്സവത്തിന് ചിട്ടപ്പെടുത്താനായി ആരെയും നിയമിച്ചിട്ടില്ലെന്നും, പ്രമുഖർ പൊതുവെ പ്രതിഫലം വാങ്ങാതെ കലോത്സവ പരിപാടികളിൽ പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കലോത്സവത്തിന്റെ അവതരണഗാനത്തിനായി ഒരു പ്രശസ്ത സിനിമാ നടിയോട് നൃത്തം പരിശീലിപ്പിക്കാമോ എന്ന് ചോദിച്ചപ്പോൾ, അവർ അഞ്ചു ലക്ഷം രൂപ പ്രതിഫലം ചോദിച്ചെന്നുമായിരുന്നു മന്ത്രി നേരത്തെ പറഞ്ഞത്. എന്നാൽ ഇപ്പോൾ, സ്‌കൂൾ കലോത്സവം ആരംഭിക്കാനിരിക്കെ വിവാദങ്ങൾ വേണ്ടെന്ന നിലപാട് വ്യക്തമാക്കിയാണ് മന്ത്രി പ്രസ്താവന പിൻവലിച്ചത്.