സാൻ ഫ്രാൻസിസ്കോ: ഇന്ത്യ കണ്ട ഏറ്റവും പ്രശസ്തവും പ്രഗൽഭവുമായ തബലവാദകനും പത്മവിഭൂഷൺ ജേതാവുമായ ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഞായറാഴ്ച അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സാക്കിർ ഹുസൈൻ തിങ്കളാഴ്ച പുലർച്ചെ മരണമടഞ്ഞു. ആദ്യഘട്ടത്തിൽ മരണവാർത്ത കുടുംബാംഗങ്ങൾ നിഷേധിച്ചിരുന്നെങ്കിലും പിന്നീട് വിവരം സ്ഥിരീകരിക്കുകയായിരുന്നു.
പ്രശസ്ത തബലവാദകൻ ഉസ്താദ് അല്ലാ രാഖയുടെ മകനായ സാക്കിർ ഹുസൈൻ, അച്ഛന്റെ പാത പിന്തുടർന്ന് തബലയെ ലോകവേദിയിലെത്തിച്ച മഹാനായ കലാകാരനാണ്. അഞ്ച് ഗ്രാമി അവാർഡുകൾ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ബഹുമതികൾ നേടിയ അദ്ദേഹത്തിന് ഇന്ത്യ പദ്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്.





