Kerala

നവോത്ഥാന സന്ദേശങ്ങള്‍ കവിതകളിലൂടെ അവതരിപ്പിച്ച മഹത് വ്യക്തിയാണ് കുമാരനാശാൻ : എ.ഡി.എം 

എറണാകുളം: നവോത്ഥാന സന്ദേശങ്ങള്‍ കവിതകളിലൂടെ അവതരിപ്പിച്ച മഹത് വ്യക്തിയാണ് കുമാരനാശാൻ എന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം) ആശ സി. എബ്രഹാം പറഞ്ഞു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാകവി കുമാരനാശാന്‍ ശതാബ്ദി അനുസ്മരണവും പുസ്തക പ്രദര്‍ശനവും  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ നവോത്ഥാന ചിന്തകള്‍ എത്തിക്കുന്നതില്‍ കുമാരനാശന്റെ കവിതകള്‍ വലിയ പങ്ക് വഹിച്ചുണ്ട്. ചിന്താവിഷ്ടയായ സീത, വീണ പൂവ്, ലീല, കരുണ തുടങ്ങിയ സൃഷ്ടികള്‍ മറക്കാനാകില്ല. തന്റെ എല്ലാ കൃതികളിലും ഉയര്‍ന്ന ദാര്‍ശനിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച കവിയാണ് അദ്ദേഹമെന്നും എ.ഡി.എം പറഞ്ഞു. 

അവശതയനുഭവിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുന്നതായിരുന്നു ആശാന്റെ കവിതകളെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് മുന്‍ ജില്ലാ ഓഫീസര്‍ മഞ്ഞപ്ര ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ശ്രീനാരായണ ഗുരുവുമായുള്ള ബന്ധത്തിലൂടെയാണ് ആശാന്‍ പൂര്‍ണതയിലേക്കെത്തിയത്. തത്വചിന്തയ്‌ക്കൊപ്പം ബുദ്ധ സന്ദേശവും കുമാരനാശാന്റെ കൃതികളില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു. 

കളക്ടറേറ്റിലെ ജില്ലാ പ്ലാനിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.പി ഷോജന്‍ അധ്യക്ഷത വഹിച്ചു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഓഫീസര്‍ സി.എന്‍. രാധാകൃഷ്ണന്‍, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ വി.ജെ. റീത്താമ്മ, മലയാള അധ്യാപക ഫെഡറേഷന്‍ സെക്രട്ടറി സുജിത് കുമാര്‍, മലയാള അധ്യാപിക ഡോ.കെ.എ. ജയശ്രീ, റിസര്‍ച്ച് അസിസ്റ്റന്റ് കെ.കെ. മനില തുടങ്ങിയവര്‍ പങ്കെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *