Kerala News

പെരിയ ഇരട്ടക്കൊലക്കേസ്: 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, കെ.വി കുഞ്ഞിരാമന് അടക്കം നാലുപേർക്കു അഞ്ചു വർഷം തടവ്

കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 1 മുതൽ 8-ാം പ്രതികൾക്കും ഗൂഢാലോചനയിൽ പങ്കെടുത്ത 10, 15-ാം പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ. മണികണ്ഠൻ, മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി, മുൻ ലോക്കൽ കമ്മിറ്റി അംഗം കെ.വി ഭാസ്കരൻ ഉൾപ്പെടെ നാല് പ്രതികൾക്ക് അഞ്ചു വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു.

സിബിഐ പ്രത്യേക കോടതി ജഡ്ജി എൻ. ശേഷാദ്രിനാഥൻ ആണ് വിധി പ്രസ്താവിച്ചത്. 1 മുതൽ 8-ാം പ്രതികളായ എ. പീതാംബരൻ, സജി സി ജോർജ്, കെ.എം സുരേഷ്, കെ. അനിൽകുമാർ (അബു), ഗിജിൻ, ആർ. ശ്രീരാഗ് (കുട്ടു), എ. അശ്വിൻ (അപ്പു), സുബീഷ് (മണി) എന്നിവർക്കും, 10-ാം പ്രതി ടി. രഞ്ജിത്ത് (അപ്പു), 15-ാം പ്രതി എ. സുരേന്ദ്രൻ (വിഷ്ണു സുര) എന്നിവർക്കും ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു.

പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. 2019 ഫെബ്രുവരി 17-ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ രാഷ്ട്രീയ വൈരാഗ്യത്തോടെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

കൂടാതെ, കേസിലെ 10 പ്രതികൾക്ക് വധശിക്ഷക്കു തുല്യമായ കുറ്റങ്ങളാണ് ചുമത്തിയിരുന്നതെന്ന് കോടതി വ്യക്തമാക്കി. എന്നാൽ പ്രതിഭാഗം വധശിക്ഷ നൽകരുതെന്ന് അഭ്യർത്ഥിക്കുകയും, പ്രതികൾക്ക് മാനസാന്തരത്തിന് സാധ്യതയുണ്ടെന്ന് വാദിക്കുകയും ചെയ്തു. ആറുവർഷം നീണ്ട നിയമ പോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ഒടുവിലാണ് കോടതിയുടെ വിധി പ്രസ്താവം.

Leave a Reply

Your email address will not be published. Required fields are marked *