ചെന്നൈ: വിവാഹ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി വിവാദത്തിൽ നടി നയൻതാര വീണ്ടും നിയമക്കുരുക്കിൽ. ധനുഷിന്റെ കമ്പനിയ്ക്ക് പിന്നാലെ ഇത്തവണ ചന്ദ്രമുഖി സിനിമയുടെ നിർമാതാക്കളാണ് നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സിനും നോട്ടീസ് അയച്ചിരിക്കുന്നത്. അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയിലെ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചുവെന്നാരോപിച്ച് അഞ്ചു കോടി രൂപയുടെ നഷ്ടപരിഹാരമാണ് ആവശ്യപ്പെടുന്നത്.
2005ൽ പുറത്തിറങ്ങിയ ചന്ദ്രമുഖി എന്ന സിനിമയിൽ രജനീകാന്തായിരുന്നു നായകൻ. ശിവാജി പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചത്. നയൻതാരയുടെ ‘നയൻതാര; ബിയോണ്ട് ദി ഫെയറിടെയിൽ’ എന്ന ഡോക്യുമെന്ററിയിൽ ഈ ചിത്രത്തിലെ നിരവധി അണിയറ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു.
ഇതിന് മുൻപ്, ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതിന് ധനുഷിന്റെ കമ്പനിയും നയൻതാരയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചിരുന്നു. പകർപ്പവകാശ ലംഘനമാണെന്നായിരുന്നു ആരോപണം. ഈ വിഷയത്തിൽ ഇരുവരും തമ്മിൽ വലിയ തർക്കം ഉണ്ടായിരുന്നു.
നയൻതാരയുടെ ഡോക്യുമെന്ററിയിൽ ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാത്തതിനെക്കുറിച്ച് ധനുഷ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. തുടർന്ന് ഡോക്യുമെന്ററി പുറത്തിറങ്ങുകയും ധനുഷ് കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു.





