തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നു. ഇന്ന് രാവിലെ ആറ് മണി മുതല്‍ 12 മണി വരെയാണ് പമ്പുകള്‍ അടച്ചിടുന്നത്. എലത്തൂര്‍ എച്ച്.പി.സി.എല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് സമരം നടത്തുന്നത്.
ശബരിമല തീര്‍ഥാടനത്തിന്റെ സാഹചര്യത്തില്‍ ആറ് താലൂക്കുകളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. റാന്നി, കോന്നി, കോഴഞ്ചേരി, അടൂര്‍, ചെങ്ങന്നൂര്‍, എരുമേലി താലൂക്കുകളെയാണ് ഒഴിവാക്കിയത്. പത്തനംതിട്ട ജില്ലയെ സമരത്തില്‍ നിന്നും ഒഴിവാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.
ചൊവ്വാഴ്ച ഇരുമ്പനം എച്ച്.പി.സി.എല്‍ ടെര്‍മിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചിരിക്കുകയാണ്. പെട്രോളിയം ഡീലേഴ്‌സും ടാങ്കര്‍ ഡ്രൈവറുമിടയില്‍ അടുത്ത ദിവസങ്ങളായി നിലനിന്നിരുന്ന തര്‍ക്കമാണ് സമരത്തിന് കാരണമായത്. ടാങ്കറില്‍ ഇന്ധനം കൊണ്ടുവന്നുവരുന്ന ഡ്രൈവര്‍മാര്‍ക്ക് ഡീലര്‍മാര്‍ ‘ചായക്കാശ്’ എന്ന പേരില്‍ 300 രൂപ നല്‍കുന്ന പതിവ് നിലവിലുണ്ട്. ഈ തുക വര്‍ദ്ധിപ്പിക്കണമെന്നതാണ് ഡ്രൈവര്‍മാരുടെ പ്രധാന ആവശ്യം. എന്നാല്‍ ഡീലര്‍മാര്‍ ഈ ആവശ്യം തള്ളി, തുടര്‍ന്ന് തര്‍ക്കം രൂക്ഷമായതോടെ സമരം ആരംഭിക്കുകയായിരുന്നു.





