മത്സ്യബന്ധന വകുപ്പും കേരളാ നോളെജ് ഇക്കോണമി മിഷനും സംയുക്തമായി നടപ്പിലാക്കുന്ന തൊഴില്‍തീരം പദ്ധതിയുടെ ഭാഗമായുള്ള നൈപുണ്യ പരിശീലനം മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ റൂറല്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിപാടിയില്‍ ഓണ്‍ലൈനായാണ് മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തീരദേശത്തെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് നാല് വ്യത്യസ്ത മേഖലകളിലായി സൗജന്യമായാണ് നൈപുണ്യ പരിശീലനം നല്‍കുന്നത്. കേരള നോളെജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല പദ്ധതി വിശദീകരണം നടത്തി. സിബിആര്‍എസ്ഇടിഐ ഡയറക്ടര്‍ ജി. കൃഷ്ണ മോഹന്‍ പരിശീലന പരിപാടി വിശദീകരിച്ചു. ശ്രീലു (മത്സ്യ ബോര്‍ഡ്), മോഹനചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് ഫിഷറീസ് ഡയറക്ടര്‍ ബി. അബ്ദുള്‍നാസര്‍ സ്വാഗതവും ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ സ്മിത ആര്‍. നായര്‍ നന്ദിയും പറഞ്ഞു. തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നായി 30 തൊഴിലന്വേഷകരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ബ്യൂട്ടിപാര്‍ലര്‍ മാനേജ്‌മെന്റ് (സ്ത്രീകള്‍ക്ക് മാത്രം), ഫോട്ടോഗ്രാഫി ആന്‍ഡ് വീഡിയോഗ്രാഫി പ്രോഗ്രാം, മൊബൈല്‍ ഫോണ്‍ ടെക്നോളജി, സിസിടിവി ക്യാമറ ടെക്‌നോളജി എന്നീ കോഴ്‌സുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. ഒരു ബാച്ചില്‍ 35 പേര്‍ക്കാണ് പരിശീലനം. സിസിടിവി ക്യാമറ ടെക്‌നോളജി കോഴ്‌സിന് 13 ദിവസവും മറ്റ് 3 കോഴ്സുകള്‍ക്ക് 30 ദിവസവുമാണ് പരിശീലന കാലയളവ്. കേരള മത്സ്യെത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കാനറാ ബാങ്കുമായി ചേര്‍ന്നാണ് പരിശീലനം നടത്തുന്നത്.മത്സ്യബന്ധന മേഖലയിലെ 18 നും 40 വയസിനുമിടയില്‍ പ്രായമുള്ള പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ ഉള്ള തൊഴിലന്വേഷകരാണ് പദ്ധതിക്ക് കീഴില്‍ വരുന്നത്. വ്യത്യസ്ത മേഖലകളില്‍ നൈപുണ്യ പരിശീലനവും, സോഫ്റ്റ് സ്‌കില്‍ പരിശീലനങ്ങളും ഉറപ്പാക്കിക്കൊണ്ട് തൊഴില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നോളെജ് മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിവരികയാണ്. ഗൃഹ സന്ദര്‍ശനത്തിലൂടെ നൈപുണ്യപരിശീലനത്തിന് 25,764 തൊഴിലന്വേഷകര്‍ തയ്യാറാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ഏജന്‍സികളുമായി സഹകരിച്ചു കൊണ്ടാണ് നൈപുണ്യ പരിശീലനം നല്‍കുന്നത്.





