ന്യൂഡല്‍ഹി: ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം 100 കോടി എന്ന അതിര്‍വരമ്പിലേക്ക് എത്തുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള് 96.88 കോടിയായിരുന്ന വോട്ടര്‍മാരുടെ എണ്ണം ഇപ്പോള്‍ 99.1 കോടിയായി ഉയര്‍ന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ദേശീയ വോട്ടര്‍ ദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ കണക്കുകളിലാണ് ഇതു വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്തെ യുവജന വോട്ടര്‍മാരുടെ എണ്ണം കൂടി വരികയാണെന്നും 18-29 പ്രായപരിധിയിലുള്ള 21.7 കോടി പേര്‍ വോട്ടര്‍ പട്ടികയിലുള്ളതായും കണക്കുകള് വ്യക്തമാക്കുന്നു. വോട്ടര്‍ പട്ടികയില്‍ സ്ത്രീ-പുരുഷ അനുപാതവും വര്‍ധിച്ചിരിക്കുകയാണ്. 2024ല്‍ 948 ആയിരുന്നത് 2025ല്‍ 954 ആയി ഉയര്‍ന്നു.
“100 കോടി വോട്ടര്‍മാരുമായി ഇന്ത്യ ഒരു പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിക്കാനാണ് പോവുന്നത്,” എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി.
1950 ല്‍ സ്ഥാപിതമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥാപക ദിനമായ ജനുവരി 25 ന് എല്ലാ വര്‍ഷവും ദേശീയ വോട്ടര്‍ ദിനം ആഘോഷിക്കുന്നു. യുഎന്‍ ജനസംഖ്യാ വിഭാഗത്തിന്റെ കണക്കുകള് പ്രകാരം ഇന്ത്യ, അമേരിക്ക, ഇന്തോനേഷ്യ, ബ്രസീല്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ അഞ്ച് ജനാധിപത്യ രാജ്യങ്ങള്‍.





