തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട ദുരിതാശ്വാസ നിധിയില് 712.91 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില് അറിയിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാരിനോട് 2221 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ സഹായം ലഭിച്ചിട്ടില്ല. ദുരന്തത്തെ അതിതീവ്രദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
ദുരന്തബാധിതര്‍ക്ക് കൂടുതല്‍ ധനസഹായം എംപിമാരുടെ വികസന ഫണ്ടുകളിലൂടെയും ലഭ്യമാകുമെന്നാണ് പ്രതീക്ഷ. കൃഷി ഭൂമി നൽകാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വീടുകൾ വാഗ്ദാനം ചെയ്ത സ്പോൺസർമാരുടെ യോഗം വിളിച്ചുകൂട്ടി. നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മോഡല്‍ ടൗണ്‍ഷിപ്പിന്റെ മാതൃക യോഗത്തിൽ അവതരിപ്പിച്ചു. പുനരധിവാസത്തിനായി വ്യക്തികളും സംഘടനകളും നല്‍കുന്ന സ്പോൺസർഷിപ്പിന് പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്.
മോഡല്‍ ടൗണ്‍ഷിപ്പ് വയനാടിന്റെ മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും കല്പറ്റ മുനിസിപ്പാലിറ്റിയിലെ എല്സ്റ്റോൺ എസ്റ്റേറ്റിലുമാണ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓരോ വീടും 1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതായിരിക്കും, ഭാവിയില്‍ ഒരു നില കൂടി നിര്‍മിക്കാനുള്ള സൗകര്യത്തോടുകൂടി.
ടൗണ്‍ഷിപ്പിൽ അംഗൻവാടി, പോസ്റ്റ് ഓഫീസ്, ആശുപത്രി, മാലിന്യ സംസ്കരണ സംവിധാനം, കമ്യൂണിറ്റി ഹബ്, പാര്‍ക്ക് തുടങ്ങിയ സമഗ്ര സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്കോണ് പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായും, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ എഞ്ചിനീയറിങ് കരാറുകാരനായി നിയമിച്ചു.
ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടമായവരെ ഒന്നാം ഘട്ട ലിസ്റ്റിലും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിലെ കുടുംബങ്ങളെ രണ്ടാം ഘട്ട ലിസ്റ്റിലുമാണ് ഉള്‍പ്പെടുത്തുക. ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാന് ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വയനാട് പുനര്‍നിര്‍മാണ സമിതിയും ഉപദേശക സമിതിയും രൂപീകരിച്ചിട്ടുണ്ട്.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏകോപന സമിതിയും ടൗണ്‍ഷിപ്പ് പുനരധിവാസ പദ്ധതിയുടെ മേൽനോട്ടം വഹിക്കും.





