മുംബൈ: ഉച്ചഭാഷിണി ഉപയോഗം മതവിശ്വാസത്തിന്റെ അനിവാര്യ ഘടകമല്ലെന്നു ബോംബെ ഹൈക്കോടതി വ്യക്തമാക്കി. പൊതു ഇടങ്ങളിലെ ശബ്ദ മലിനീകരണത്തെ നിയന്ത്രിക്കുന്നതിൽ ആഭ്യന്തര മന്ത്രാലയവും മതസ്ഥാപനങ്ങളും സജീവമായി ഇടപെടണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
മഹാരാഷ്ട്ര സർക്കാരിനോട് ഉച്ചഭാഷിണികളുടെ ശബ്ദ നിയന്ത്രണത്തിന് പ്രത്യേക മാർഗ്ഗനിർദേശങ്ങൾ ഏർപ്പെടുത്താൻ ആവശ്യപ്പെട്ട കോടതി, നിര്ദ്ദിഷ്ട സമയത്തിന് ശേഷമോ, അനുവദനീയമായ പരിധിയ്ക്കു മുകളിലോ ശബ്ദം ഉപയോഗിക്കുന്നവരെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.
കുറ്ള പ്രദേശത്തെ ഹൗസിങ് സൊസൈറ്റികളാണ് പള്ളികളിൽ നിന്നും മറ്റും ഉച്ചഭാഷിണികളിലൂടെ അനുഭവപ്പെടുന്ന ശബ്ദ മലിനീകരണം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. അനുവദിച്ച സമയത്തിനും പരിധിക്കും പുറത്ത് ശബ്ദം ഉപയോഗിക്കുന്നതിൽ പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് പരാതിയിൽ വിശദമാക്കിയിരുന്നു.
മഹാരാഷ്ട്ര സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാകൂവെന്നു ഹൈക്കോടതി നിരീക്ഷിച്ചു. ഇത് പരിസ്ഥിതി സംരക്ഷണത്തിനും പൊതുജനാരോഗ്യത്തിനും അത്യാവശ്യമാണെന്നും കോടതി വ്യക്തമാക്കി.





