Kerala News

ഗ്രീഷ്മയുടെ അപ്പീല്‍ ഹൈക്കോടതി സ്വീകരിച്ചു; നിര്‍മ്മലകുമാരന്‍ നായരുടെ ശിക്ഷ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: പാറശാല ഷാരോണ്‍ കൊലപാതകക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്മ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റിയന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.

സര്‍ക്കാരിനും എതിര്‍കക്ഷികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. കൂടാതെ, കേസിലെ മൂന്നാം പ്രതി, ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മലകുമാരന്‍ നായര്‍ക്കെതിരായ ശിക്ഷ ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു. തെളിവ് നശിപ്പിച്ചെന്ന കേസില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍മ്മലകുമാരന്‍ നായര്‍ക്ക് മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നെങ്കിലും ഹൈക്കോടതി വിചാരണക്കോടതി അനുവദിച്ച ജാമ്യം ശരിവച്ചു.

നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാണ് ഗ്രീഷ്മ തന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2022 ഒക്ടോബര്‍ 14-ന് പാറശാലയില്‍ ഷാരോണ്‍ രാജിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബര്‍ 25-ന് ചികിത്സയിലിരിക്കെ ഷാരോണ്‍ മരണപ്പെടുകയായിരുന്നു. നിലവില്‍ ഗ്രീഷ്മ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ കഴിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *