വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജിന് നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ ഏജൻസിയുടെ (NAAC) ആദ്യ വിലയിരുത്തലിൽ തന്നെ എ ഗ്രേഡ് ലഭിച്ചു. കേരളത്തിൽ ഈ അംഗീകാരം നേടുന്ന രണ്ടാമത്തെ മെഡിക്കൽ കോളേജായി ഗോകുലം മെഡിക്കൽ കോളേജ് മാറി.
സംസ്ഥാനത്ത് ഏകദേശം 31 മെഡിക്കൽ കോളേജുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, രണ്ടെണ്ണത്തിന് മാത്രമേ NAAC എ ഗ്രേഡ് ലഭിച്ചിട്ടുള്ളൂ എന്നതിൽ നിന്ന് ഗോകുലം മെഡിക്കൽ കോളേജിന് ലഭിച്ച അംഗീകാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കാം. മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ഉന്നത വിദ്യാഭ്യാസ നിലവാരം, ഗവേഷണ നേട്ടങ്ങൾ, അധ്യാപകരുടെ യോഗ്യത, വിദ്യാർത്ഥികൾക്കുള്ള പഠന സൗകര്യങ്ങൾ തുടങ്ങിയ ഏഴ് ഘടകങ്ങളിൽ ഉന്നത നിലവാരം പുലർത്തിയതാണ് കോളേജിന് ഈ നേട്ടം നേടിക്കൊടുത്തത്.
ആരോഗ്യ രംഗത്തെ മികച്ച പ്രവർത്തനം തുടരുമെന്നും അടുത്ത ലക്ഷ്യം എ പ്ലസ് ഗ്രേഡിനായാണെന്നും ശ്രീ ഗോകുലം മെഡിക്കൽ കോളേജ് എംഡിയും വൈസ് ചെയർമാനുമായ ഡോ. കെ. കെ. മനോജൻ പറഞ്ഞു. ആദ്യ വിലയിരുത്തലിൽ തന്നെ എ ഗ്രേഡ് നേടിയത് അഭിമാനകരമാണെന്നും അടുത്ത ഘട്ടത്തിൽ കോളേജിന്റെ നിലവാരം കൂടുതൽ ഉയർത്താൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോളേജിന്റെ ചെയർമാൻ ശ്രീ ഗോകുലം ഗോപാലൻ ക്വാളിറ്റി പരിഗണിച്ചുകൊണ്ടാണ് എപ്പോഴും മുന്നോട്ട് പോകേണ്ടതെന്നും അതിനായി എല്ലാ അടിസ്ഥാന സൗകര്യങ്ങളും, ഉപകരണങ്ങളും, അധ്യാപനസഹായി സംവിധാനങ്ങളും മികച്ച രീതിയിൽ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഒരു പ്രമുഖ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനമായി ഗോകുലം മെഡിക്കൽ കോളേജ് മാറിയതിൽ മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും സന്തോഷം പ്രകടിപ്പിച്ചു. ഈ അംഗീകാരത്താൽ പഠനരംഗത്ത് കൂടുതൽ ഉയർന്ന നിലവാരം ഉറപ്പുവരുത്തുവാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.





