തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ ആശാ പ്രവർത്തകർ നടത്തുന്ന രാപ്പകൽ സമരം ഇന്ന് ഒരു മാസം തികയും. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് നടയിലാണ് സമരം തുടരുന്നത്.
ഒരു മാസം പിന്നിട്ടിട്ടും സർക്കാർ ഇടപെടാത്ത സാഹചര്യത്തിൽ സമരം കടുപ്പിക്കാനാണ് പ്രവർത്തകരുടെ തീരുമാനം. ഈ മാസം 17ന് സെക്രട്ടേറിയറ്റ് ഉപരോധം നടത്തുമെന്ന് സമര നേതാവ് എസ്. മിനി അറിയിച്ചു.
സമരത്തിൽ പങ്കെടുക്കുന്ന സ്ത്രീകളെ കടുത്ത സമ്മർദ്ദത്തിലാക്കുന്ന നടപടികളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. സമാധാനപരമായ സമരം തുടരുന്നിട്ടും സർക്കാർ പ്രതികരിക്കാത്തതിനാൽ നിയമലംഘന സമരത്തിലേക്ക് കടക്കുന്നതായി പ്രവർത്തകർ വ്യക്തമാക്കി.
സമരത്തിന്റെ ഭാഗമായി 13ന് ആറ്റുകാൽ പൊങ്കാലയിടുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിനായി പരമാവധി ആശാ പ്രവർത്തകരെ പങ്കെടുപ്പിക്കുമെന്നും വിവിധ സംഘടനകളുടെ പിന്തുണ ലഭിക്കുന്നതായും അറിയിച്ചു.





