തൃശൂർ: തൃശൂര്‍ പൂരം പൊലിമയോടെയും പ്രൗഢിയോടെയും ഏറ്റവും സുരക്ഷിതമായും നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും തൃശൂര്‍ കോര്‍പ്പറേഷനും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഒഴിവാക്കാൻ ജില്ലാ ഭരണകൂടം, ജനപ്രതിനിധികൾ, പെസോ പ്രതിനിധികൾ എന്നിവർ പ്രത്യേക യോഗം ചേർന്ന് തീരുമാനമെടുക്കും.
തൃശൂർ പൂരം മെയ് 6ന് നടക്കും. സാമ്പിൾ വെടിക്കെട്ട് മെയ് 4ന് നടത്തുമെന്ന് മന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാറിന്റെ നിർദേശത്തെ തുടർന്ന് വെടിക്കെട്ടുമായി ബന്ധപ്പെട്ട അനിശ്ചിതത്വം പരിഹരിക്കാൻ ഹൈക്കോടതി നിർദേശങ്ങളുടെയും പെസോയുടെ നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം അന്തിമ തീരുമാനം എടുക്കും.
പൂരത്തിനുള്ള സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നതിനായി നഗരത്തിലെയും പൂരപ്പറമ്പിലെയും തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ലഹരി ഉപയോഗം തടയാൻ പോലീസും എക്സൈസ് വകുപ്പും സംയുക്ത പരിശോധന നടത്തും. ഡോഗ് സ്ക്വാഡിന്റെയും ഷാഡോ പൊലീസിന്റെയും സേവനങ്ങൾ ലഭ്യമാകും.
പൂരത്തിനെത്തുന്നവർക്ക് ആരോഗ്യസഹായം ഉറപ്പാക്കാൻ പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കും. ആവശ്യത്തിന് ആംബുലൻസ്, സ്ട്രെച്ചറുകൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും. അഗ്‌നിരക്ഷാ സേനയുടെ സംവിധാനങ്ങൾ പൂർണ്ണ സജ്ജമാക്കും.
പൂരപ്പറമ്പിനടുത്തുള്ള കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും. ശുചിത്വമിഷനുമായി സഹകരിച്ച് നഗരത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ പൂരം കഴിഞ്ഞാൽ ഉടൻ തന്നെ പൂർത്തിയാക്കും. ദാഹജലത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും വേണ്ട നടപടി വാട്ടർ അതോറിറ്റിയും ഭക്ഷ്യ സുരക്ഷാ വകുപ്പും സ്വീകരിക്കും.
പൂരപ്രേമികളുടെ എണ്ണ നിയന്ത്രിക്കാൻ അല്ല, പരമാവധി ആളുകൾക്ക് ആഘോഷം അനുഭവിക്കാൻ അവസരമൊരുക്കുക എന്നതാണ് ലക്ഷ്യം എന്ന് റവന്യു മന്ത്രി കെ. രാജൻ വ്യക്തമാക്കി.
ഈ വർഷത്തെ പൂരത്തിന്റെ സുഗമമായ നടത്തിപ്പ് വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം നടന്നു. ദേവസ്വം മന്ത്രിയും ജനപ്രതിനിധികളും പൂരം വിജയകരമാക്കാൻ പൂർണ്ണ സഹകരണം ഉറപ്പാക്കി.
“പൂരവുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങളും കൃത്യമായി ആസൂത്രണം ചെയ്ത് സമയബന്ധിതമായി നടപ്പാക്കും. പൂരം സുരക്ഷയോടെ, പ്രൗഢിയോടെ നടത്തും” – മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.





