കൊല്ലം: കെണിവച്ച കമ്പിവയറില്‍ കുടുങ്ങി മുതുകില്‍ മുറിവേറ്റ് മേവറത്ത് കണ്ടെത്തിയ മുള്ളന്‍ പന്നിക്ക് ജില്ലാ മൃഗാശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. ആഴത്തിലുള്ള മുറവില്‍നിന്ന് രക്തംവാര്‍ന്ന നിലയിലായ മുള്ളന്‍ പന്നിയെ നാട്ടുകാര്‍ കണ്ടെത്തി വിവരം നല്‍കിയതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതരാണ് പ്രത്യേക കൂട്ടിലാക്കി എത്തിച്ചത്.
15 കിലോ ഭാരമുള്ള പെണ്‍ മുള്ളന്‍ പന്നിയെ രക്തസ്രാവം നിലയ്ക്കുന്നതിനുള്ള മരുന്നുകള്‍ നല്‍കി മുറിവുകള്‍ തുന്നി കെട്ടി. ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും നല്‍കി. തുടര്‍ന്നാണ് ആശുപത്രി മേധാവി ഡോ ഡി ഷൈന്‍കുമാറിന്റെ നേതൃത്വത്തില്‍ വെറ്ററിനറി സര്‍ജന്‍മാരായ ഡോ സജയ്കുമാര്‍ ഡോ സേതു ലക്ഷ്മി തുടങ്ങിയവരുടെ സഹായത്തോടെ ശസ്തക്രിയക്ക് വിധേയമാക്കിയത്. അഞ്ച് ദിവസത്തെ ചികിത്സകള്‍ക്കു ശേഷം ശെന്തരുണി വന്യജീവി സങ്കേതത്തില്‍ വിടുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.