തങ്ങളുടെ വോട്ട് ബാങ്കിനെ സുഖിപ്പിക്കാനായി ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമിക്കുന്ന സിപിഎം രീതി തന്നെയാണ് മേയർ എം കെ വർഗീസും പൂരത്തിന്റെ കാര്യത്തിൽ അവലംബിച്ചു കൊണ്ടിരിക്കുന്നത്.
കേരളത്തിന്റെ സാസ്‍കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ സംസ്കാരിക തനിമ വിളിച്ചോതുന്ന പൂരത്തെ തെരുവിൽ വലിച്ചിഴക്കുന്ന നിലപാടാണ് മേയർ ഇന്ന് ചെയ്തത്. പൂരത്തിന്റെ പെരുമ നശിപ്പിക്കുന്ന നടപടിയാണ് കോർപ്പറേഷന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. തൃശൂർ പൂരത്തിന് മുൻപായി ‘മ്മടെ പൂരം’ എന്ന പേരിൽ പണം ധൂർത്തടിക്കാൻ വേണ്ടി മാത്രം നടത്തുന്ന ഒരു പ്രഹസനമാണ് കോർപറേഷൻ നടത്തുന്നത്. അതിന്റെ വിളംബരത്തിലാണ് മേയർ ഇന്ന് റിമോട്ടിൽ ഓടുന്ന ആനയെ കൊണ്ട് വന്നത്. പൂരത്തിനോടുള്ള താല്പര്യവും ആദരവും ഉണ്ടെങ്കിൽ എന്തുകൊണ്ട് തൃശൂർ ജില്ലയിൽ ഒരാനയെ കോർപ്പറേഷന് കിട്ടിയില്ല…? ബിജെപി കൗൺസിലർമാരുടെ ഭാഗത്ത് നിന്നും പ്ലാസ്റ്റിക് ആനയെ എഴുന്നള്ളിക്കുന്നതിൽ പ്രതിഷേധം അറിയിച്ചിട്ടും മേയർ ചെവി കൊള്ളാതിരുന്നത് തീർത്തും ധാർഷ്ട്യ മാണ്. പ്ലാസ്റ്റിക് ആനയുടെ മുന്നിൽ കൊട്ടില്ലെന്ന് മേളക്കാർ പറഞ്ഞിട്ട് പോലും മേയർക്ക് അതിൽ നിന്നും പിന്തിരിയാൻ തോന്നിയില്ല. ഇത്തരം പ്രവൃത്തിയിലൂടെ മേയർ പൂരത്തേയും സംസ്കാരത്തെയും അപമാനിച്ചിരിക്കുകയാണ്.
ശക്തൻ തമ്പുരാനോടുള്ള അവഗണ നാം എല്ലാം കണ്ടതാണ്. വണ്ടിയിടിച്ചു തകർന്ന് കിടന്ന ശക്തൻ തമ്പുരാൻ പ്രതിമയെ വീണ്ടും സ്ഥാപിക്കാൻ മാസങ്ങളാണ് എടുത്തത്.ഏറ്റവുമൊടുവിൽ സുരേഷ് ഗോപി എം പി നിങ്ങൾ സ്ഥാപിച്ചില്ലെങ്കിൽ ഞാൻ സ്ഥാപിക്കും എന്ന് പറഞ്ഞപ്പോഴാണ് ആ പ്രതിമ പുനഃസ്ഥാപിച്ചത്.അത് ഉദ്ഘാടനം ചെയ്യാതെ വീണ്ടും മാസങ്ങളോളം വൈകിപ്പിച്ചു.
ഇന്നൊരു ഹാരം ആ പ്രതിമയിൽ നിങ്ങൾ ഒരു തോട്ടി കൊണ്ട് ഇട്ടപ്പോൾ നിങ്ങൾ അവഹേളിച്ചത് തൃശൂർ ജനതയെ തന്നെയാണ്. തൃശൂരിന്റെ ശക്തൻ തമ്പുരാനെ അവഹേളിച്ച മേയറുടെ നടപടി തികച്ചും പ്രതിഷേധാർഹമാണ്.





