പെരിഞ്ഞനം പ്രളയപ്പുരയിലെ വീടുകളില്‍ ഗൃഹപ്രവേശനം
സര്‍ക്കാരും ജനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് 2018 ലെ പ്രളയ നഷ്ടങ്ങളെ കേരളം അതിജീവിച്ചതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ പ്രളയപ്പുരയിലെ വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍, വ്യക്തികള്‍, ക്ലബുകള്‍ തുടങ്ങിയവരുടെ പിന്തുണ ഏറ്റുവാങ്ങി. പെരിഞ്ഞനം ഗ്രാമപഞ്ചായത്തില്‍ റോട്ടറി ക്ലബ് ഒരു കോടി രൂപ ചെലവഴിച്ച് റവന്യൂ വകുപ്പിന്റെ മിച്ചഭൂമി സ്ഥലത്താണ് പ്രളയപ്പുര നിര്‍മിച്ചിരിക്കുന്നത്. പദ്ധതി വഴി പ്രളയബാധിതര്‍ക്ക് മുമ്പ് തന്നെ വീടുകള്‍ വിതരണം ചെയ്തു. ഫെബ്രുവരിയില്‍ നടന്ന ക്യാബിനറ്റ് യോഗത്തിലാണ് ബാക്കി വീടുകള്‍ പ്രളയബാധിതര്‍ക്ക് പുറമേ ഭവന-ഭൂരഹിതര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
പ്രളയപ്പുരയുടേത് പോലെ ഉത്തരവിലെ മാറ്റം കാരണം ഉണ്ടായ പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ ക്രിമിറ്റോറിയത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പ്രവര്‍ത്തന സജ്ജമായെന്ന് അധ്യക്ഷനായ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ അറിയിച്ചു. നവകേരള സദസിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളിലും ഒരു പുതിയ പദ്ധതി ആരംഭിക്കുന്നതില്‍ കയ്പമംഗലത്തെ പെരിഞ്ഞനം ഗ്രാമപഞ്ചായത്തില്‍ ഷോപ്പിംഗ് കോംപ്ലക്‌സാണ് നിര്‍മിക്കുന്നത്. ഗതാഗത കുരുക്ക് നേരിടുന്ന മൂന്നു പിടീക സെന്ററിലെ ട്രാഫിക് പ്രശ്‌നത്തിന് റോഡ് വീതികൂട്ടി പരിഹരിക്കുന്നതിന് ബജറ്റില്‍ 20 ശതമാനം തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12 കോടി ചെലവില്‍ നിര്‍മിക്കുന്ന പെരിഞ്ഞനം കമ്മ്യൂണിറ്റി ഹാളിന്റെ പ്രാംരംഭ പ്രവൃത്തികള്‍ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരിയില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എയുടെ ഇടപെടലിനെ തുടര്‍ന്ന് പ്രളയബാധിതര്‍ക്കായി നിര്‍മിച്ച ഭവന സമുച്ചയം അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറാന്‍ തീരുമാനമായത്. 2018ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായാണ് അന്നത്തെ ഭരണസമിതി ”പ്രളയപ്പുര’ എന്ന പേരില്‍ ഭവന സമുച്ചയം പണി തീര്‍ത്തത്.
അഞ്ചാം വാര്‍ഡിലെ കനോലി കനാലിനോട് ചേര്‍ന്ന 62 സെന്റ് സര്‍ക്കാര്‍ ഭൂമിയില്‍ റോട്ടറി ക്ലബ്ബിന്റെ സി.എസ്.ആര്‍.ഫണ്ട് ഒരു കോടി രൂപ ചിലവഴിച്ചാണ് കെട്ടിടം പണിതത്. ഇരുനിലകളിലായി 530 ചതുരശ്ര അടി വീതം 14 വീടുകളാണ് നിര്‍മിച്ചത്. ഇവിടേക്കുള്ള റോഡും, കാന സംരക്ഷണഭിത്തി കെട്ടിയും, വീട്ടിലേക്കുള്ള വൈദ്യുതീകരണം അടക്കമുള്ള പണികളും പൂര്‍ത്തീകരിച്ചു. എന്നാല്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് മാത്രമെ ഈ വീട് നല്‍കാന്‍ കഴിയൂവെന്ന നിയമ സ്ഥിതി ഉണ്ടായിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ മന്ത്രിസഭാ തീരുമാനം. പ്രളയബാധിതരെ കൂടാതെ സ്വന്തമായി സ്ഥലവും വീടുമില്ലാത്ത പഞ്ചായത്തിലെ അര്‍ഹരായ കുടുംബങ്ങളെയും ഭരണസമിതി ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുമാണ് പ്രയോജനം ലഭിക്കുന്നത്. ചടങ്ങില്‍ എട്ട് വീടുകള്‍ കൂടി കൈമാറി.