India News Sports

ഐപിഎല്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആര്‍സിബി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

ബംഗളൂരു: ഐപിഎല്‍ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടപ്പെട്ട 11 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു (ആര്‍സിബി) ടീം പ്രഖ്യാപിച്ചു. പരിക്കേറ്റവരെ സഹായിക്കാന്‍ ‘ആര്‍സിബി കെയേഴ്‌സ്’ എന്ന പേരില്‍ പ്രത്യേക സഹായനിധിയും രൂപീകരിച്ചിട്ടുണ്ട്. നേരത്തെ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാരും 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരുന്നു.

‘ഇന്നലെ ബംഗളൂരുവിലുണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ്. ദുരന്തം ആര്‍സിബി കുടുംബത്തിനു വളരെ വേദനയുണ്ടാക്കുന്നു. മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനൊപ്പമാണ് ടീം. മരിച്ച 11 പേരുടെ കുടുംബങ്ങള്‍ക്കും 10 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നല്‍കുന്നു. പരിക്കേറ്റവരെ സഹായിക്കാന്‍ ആര്‍സിബി കെയേഴ്‌സ് എന്ന പേരില്‍ ഫണ്ടും രൂപീകരിച്ചിട്ടുണ്ട്. എല്ലായ്‌പ്പോഴും ആരാധകര്‍ക്കൊപ്പമാണ്. എല്ലാകാലത്തും അവരോട് ഐക്യപ്പെടുന്നു’- ആര്‍സിബി കുറിപ്പിലൂടെ വ്യക്തമാക്കി.

വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്‌റ്റേഡിയത്തിന് സമീപത്തുണ്ടായ തിക്കിലും തിരക്കിലുപെട്ടാണ് 11 പേര്‍ മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് ടീമിന്റെ തുറന്ന വാഹനത്തിലെ റോഡ് ഷോയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് പൊലീസ് അവസാനനിമിഷം അനുമതി നിഷേധിച്ചത്.

പതിനെട്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബംഗളുരു കന്നിക്കീരിടം സ്വന്തമാക്കിയത്. ഇതിന്റെ ഭാഗമായി ആരാധരും ടീമും വിജയാഘോഷം ഗംഭീരമാക്കാന്‍ പരിപാടിയിട്ടിരുന്നു. ലക്ഷക്കണക്കിനു പേരാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. എന്നാല്‍ ഇവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ മാത്രം പൊലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. 5000 പൊലീസുകാരെ മാത്രമാണ് വിന്യസിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *