കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിനടുത്ത് നടന്ന എംഎസ്‌സി എൽസ കപ്പല്‍ അപകടത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോടൊപ്പം കേന്ദ്രസര്‍ക്കാരിനും കേസെടുക്കാവുന്നതാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പുറംകടലില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വാന്‍ഹായ് കപ്പല്‍ അപകടവും ഇതിന്റെ ഭാഗമാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ടി. എന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി വിശദമായ നിര്‍ദേശങ്ങളാണ് നല്‍കിയത്. നടപടി വൈകരുതെന്നും, ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
അമിക്കസ് ക്യൂറി നിയമിക്കാനാകുമെന്നതും കോടതി വ്യക്തമാക്കി. തുടർച്ചയായി കൊച്ചിയില്‍ കപ്പല്‍ അപകടങ്ങള്‍ സംഭവിക്കുന്നത് അതീവ ഗുരുതരമാണെന്നും കോടതി പറഞ്ഞു.
കൊച്ചി കപ്പല്‍ അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്തതായി അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ഇത്തരമൊരു അപകടത്തില്‍ പൊതുജനങ്ങളുടെ നികുതിപ്പണം ചെലവഴിക്കേണ്ടതെന്താണെന്ന് കോടതി ചോദിച്ചു. ഇതുവരെ എത്ര തുക ചെലവായെന്നും വിശദീകരണം തേടിയ കോടതി, നഷ്ടപരിഹാരം കപ്പല്‍ കമ്പനിയില്‍ നിന്ന് ഈടാക്കണമെന്ന് നിര്‍ദേശിച്ചു.
മത്സ്യബന്ധന മേഖലയ്ക്ക് ഉണ്ടാകുന്ന ആഘാതവും സമ്പദ്‌വ്യവസ്ഥയ്ക്കുള്ള ബാധ്യതയും കണക്കിലെടുത്ത് നഷ്ടപരിഹാരം തേടാമെന്ന് കോടതി പറഞ്ഞു. കൊച്ചി കപ്പല്‍ അപകടത്തില്‍ എണ്ണച്ചോര്‍ച്ച വലിയ പ്രശ്‌നമായി മാറിയതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. അഴീക്കലില്‍ കത്തുന്ന കപ്പലില്‍ ഹാനികരമായ വസ്തുക്കളുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് നടപടികളില്‍ കാലതാമസം പാടില്ലെന്ന നിര്‍ദേശത്തോടെ കേസ് പരിഗണിക്കുന്നത് ഈ മാസം 19 ലേക്ക് മാറ്റി. ഇതിനു മുമ്പായി സ്വീകരിച്ച നടപടികള്‍ അടക്കം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.





