മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് മങ്ങാട് കോട്ടപ്പുറം നാലാംകല്ല് മൂത്തേടത്ത് പറമ്പില്‍ ചിന്നവീരക്കുട്ടി മകന്‍ തങ്കപ്പന്‍ 60 വയസ്സ് എന്നയാളെ സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ മങ്ങാട് കോട്ടപ്പുറം തോട്ടുപ്പാലം ദേശത്ത് മൂത്തേടത്ത് പറമ്പില്‍ ഉണ്ണികൃഷ്ണന്‍, മൂത്തേട്ത്ത് പറമ്പില്‍ രാജേഷ്, മൂത്തേടത്ത് പറമ്പില്‍ പൊന്നു പള്ളിക്കുന്നത്ത് വിജേഷ് എന്നിവരെ ഒരു വര്‍ഷം നാല് മാസം തടവിനും, 2000 രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് എസ്. തേജോമയി തമ്പുരാട്ടി ശിക്ഷ വിധിച്ചു. പിഴയടക്കാത്ത പക്ഷം 3 മാസം അധികത്തടവ് അനുഭവിക്കേണ്ടി വരും. പിഴയടച്ചാല്‍ പിഴത്തുക പരിക്കേറ്റ തങ്കപ്പന് നല്‍കണമെന്നും വിധിയില്‍ പ്രസ്താവിച്ചിട്ടുണ്ട്.
2020 ജൂലായ് 14-ാം തീയ്യതി നാലുമണിക്ക് മങ്ങാട് തോട്ടുപ്പാലത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കിണറ്റില്‍ നിന്നും വെള്ളമെടുക്കുന്നത് സംബന്ധിച്ച് പ്രതികളും പരിക്കേറ്റ തങ്കപ്പനും തമ്മില്‍ നേരത്തെ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ വൈരാഗ്യത്താല്‍ സംഭവദിവസം റോഡിലൂടെ നടന്നു വരികയായിരുന്ന തങ്കപ്പനെ പ്രതികള്‍ സംഘം ചേര്‍ന്ന് തെങ്ങിന്റെ പട്ടികവടി കൊണ്ടും കൈകള്‍ കൊണ്ടും അടിച്ചും ഇടിച്ചും പരിക്കേല്പിക്കുകയായിരുന്നു. തലക്ക് പട്ടികവടികൊണ്ട് അടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞുമാറിയതിനെത്തുടര്‍ന്നാണ് തങ്കപ്പന്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. ആക്രമണത്തില്‍ കഴുത്തിനും നട്ടെല്ലിനും പരിക്കേല്‍ക്കുകയും പല്ല് നഷ്ടപ്പെടുകയും ചെയ്തിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് എരുമപ്പെട്ടി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഏറ്റെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 1 തൊണ്ടിമുതലും 15 രേഖകളും ഹാജരാക്കുകയും 10സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. എരുമപ്പെട്ടി പോലീസ് ഇന്‍സ്പെക്ടറായിരുന്ന കെ.കെ. ഭൂപേഷാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. സീനിയര്‍ സിപിഒ മണികണ്ഠന്‍ കെ. കോടതിയില്‍ പ്രോസിക്യൂഷന്‍ നടപടികളെ ഏകോപിപ്പിച്ചു.
സംഘം ചേര്‍ന്ന് നിരപരാധികള്‍ക്കു നേരെയുള്ള ആക്രമണം വ്യാപകമായ ഇക്കാലത്ത് അത്തരത്തിലുള്ള കേസുകളിലെ പ്രതികള്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ലാജു ലാസര്‍ എം, അഡ്വ. പ്രവീണ എ.പി.എന്നിവര്‍ ഹാജരായി.





