തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ച ഭക്ഷണ മെനു വിപുലപ്പെടുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം, മെനു പരിഷ്‌കരണത്തിന്റെ ഭാഗമായി മെനു പ്ലാനിങ് നടത്തുമ്പോള്‍ ഒരു ദിവസത്തെ കറികളില്‍ ഉപയോഗിക്കുന്ന പച്ചക്കറിയ്ക്ക് ബദലായി അനുചിതമായ മറ്റ് പച്ചക്കറികള്‍ നല്‍കേണ്ടതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇലക്കറി വര്‍ഗ്ഗങ്ങള്‍ കറികളായി ഉപയോഗിക്കുമ്പോള്‍ അവയില്‍ പയര്‍ അല്ലെങ്കില്‍ പരിപ്പ് വര്‍ഗ്ഗമോ ചേര്‍ക്കണം. ആഴ്ചയില്‍ ഒരു ദിവസം ഫോര്‍ട്ടിഫൈഡ് അരി വച്ച് വിവിധയിനം ചോറിന്റെ (വെജിറ്റബിള്‍ ഫ്രൈഡ്റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി) വിഭവങ്ങള്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി. ഇവയോടൊപ്പം എന്തെങ്കിലും വെജിറ്റബിള്‍ കറികള്‍ (കൂട്ടുകറി, കുറുമ) നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദഗ്ധ സമിതിയുടെ അഭിപ്രായത്തില്‍ പച്ചക്കറിക്ക് ബദലായി മാസത്തില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ മൈക്രോ ഗ്രീന്‍സ് മെനുവില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ചമ്മന്തി കൊടുക്കുന്ന കാര്യം പരിഗണിച്ചിട്ടുണ്ട്. വ്യത്യസ്തതയ്ക്കായി ഇവ വെജ് റൈസ്, ബിരിയാണി, ലെമണ്‍ റൈസ് എന്നിവയുടെ കൂടെ തൊടുകറിയായി വിളമ്പാവുന്നതാണെന്നും മന്ത്രി സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി.
ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് കുട്ടികള്‍ക്ക് ആഴ്ചയില്‍ റാഗി ഉപയോഗിച്ചു റാഗി ബാള്‍സ്, മിതമായ അളവില്‍ ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത റാഗി കൊഴുക്കട്ട, ഇലയട, അവില്‍ കുതിര്‍ത്തത് (വിളയിച്ചത്), പാല്‍ ഉപയോഗിച്ച് ക്യാരറ്റ് പായസം, റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നീ വ്യത്യസ്ത വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.





