Education Kerala News

ഒന്നാം ക്ലാസില്‍ കുട്ടികളുടെ എണ്ണം 16,510 കുറഞ്ഞു; ജനന നിരക്കിലെ കുറവാണ് കാരണം: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്നാംക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണം കുറവാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ വര്‍ഷം 2,50,986 കുട്ടികള്‍ ഒന്നാംക്ലാസില്‍ പ്രവേശിച്ചിരുന്നെങ്കില്‍ ഇത്തവണ 2,34,476 പേരാണ് പ്രവേശിച്ചത് — 16,510 കുട്ടികളുടെ കുറവ്.

ജനന നിരക്കില്‍ വന്ന കുറവാണ് ഇതിന് പിന്നിലെ പ്രധാന കാരണം എന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ വിശദീകരണം. 2020-ല്‍ ജനിച്ച കുട്ടികളാണ് ഈ അധ്യയനവര്‍ഷം ഒന്നാംക്ലാസില്‍ പ്രവേശിച്ചത്. ആ വര്‍ഷത്തെ ജനന നിരക്ക് 12.77 ആയിരുന്നു.  2025ല്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയത് 2010ല്‍ ജനിച്ച കുട്ടികളാണ്. 15.75 എന്നതാണ് 2010ലെ ജനന നിരക്ക് എന്നും വ്യത്യാസം ചൂണ്ടിക്കാട്ടി മന്ത്രി അറിയിച്ചു.

അതേസമയം, രണ്ടാം മുതല്‍ പത്താംതരം വരെയുള്ള ക്ലാസുകളിലെ മൊത്തം വിദ്യാര്‍ഥി എണ്ണം 40,906 വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാംക്ലാസില്‍ പ്രവേശിച്ച വിദ്യാര്‍ഥികളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒരാള്‍ മാത്രമേ കൂടുതലായുള്ളു – 47,863 കുട്ടികള്‍ ഈ വര്‍ഷം, 47,862 കുട്ടികള്‍ കഴിഞ്ഞ വര്‍ഷം.

ഇതിനൊടുവില്‍ മൊത്തം 29 ലക്ഷം കുട്ടികള്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ രണ്ടാംതരം മുതല്‍ പത്താംതരം വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *