കോഴിക്കോട്: പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമൻ അന്തരിച്ചു. വയറുവേദനയെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. വയനാട്ടിലെ പരമ്പരാഗത നെൽവിത്തിനങ്ങൾ സംരക്ഷിക്കുന്നതിലൂടെ ദേശീയതലത്തിൽ ശ്രദ്ധ നേടിയ കർഷകനായിരുന്നു അദ്ദേഹം.
വയനാട് എടവക പഞ്ചായത്തിലെ കമ്മനയിലെ ചെറുവയൽ കുറിച്യ തറവാട്ടിൽ ജനിച്ച രാമൻ, കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ ശേഷിയുള്ളവ ഉൾപ്പെടെ 55 ഓളം പരമ്പരാഗത നെൽവിത്തിനങ്ങൾ സംരക്ഷിച്ചിരുന്നു. ലോകത്തിലെ 11 ഓളം രാജ്യങ്ങളിൽ നടന്ന കാർഷിക സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ജീനോം സേവിയർ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
അടുത്തിടെ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി സ്മാരക കാർഷിക പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
ചെറുവയൽ രാമൻ്റെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ആദരാഞ്ജലികൾ അർപ്പിച്ചു. തലമുറകളുടെ കാർഷിക ഓർമകൾക്ക് കാവൽ നിന്ന കർഷകനായിരുന്നു അദ്ദേഹമെന്ന് സതീശൻ അനുസ്മരിച്ചു. അന്യംനിന്നുപോകുമായിരുന്ന പാരമ്പര്യ നെൽവിത്തിനങ്ങളെ ജീവിതത്തിൻ്റെ ഭാഗമാക്കി വരുംതലമുറയ്ക്കായി കാത്തുസൂക്ഷിച്ച അദ്ദേഹം കാർഷിക പൈതൃകത്തിൻ്റെ കാവൽക്കാരനായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൃഷി ഉപജീവനമാർഗം മാത്രമല്ലെന്നും മണ്ണിനോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്തമാണെന്നും സ്വന്തം ജീവിതത്തിലൂടെ ചെറുവയൽ രാമൻ തെളിയിച്ചുവെന്ന് സതീശൻ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ കാർഷിക മേഖലയ്ക്കും പൈതൃക സംരക്ഷണത്തിനും തീരാനഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




