India Kerala News Politics

കേരള സർക്കാരിനേയും രാഹുൽ ഗാന്ധിയേയും വിമർശിച്ച് അഡ്വ എസ് സുരേഷ്

UDF സർക്കാരിന്റെ 150 ദിവസത്തെ ഭരണത്തെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും ഇന്ത്യാ മുന്നണിയുടെയും രാഷ്ട്രീയ നിലപാടുകളെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്. കേരളത്തിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ UDF സർക്കാർ പരാജയപ്പെട്ടെന്നും ജനക്ഷേമത്തിനും വികസനത്തിനും പകരം അധികാരവും രാഷ്ട്രീയ താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനാണ് UDF–LDF നേതൃത്വങ്ങൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

UDF സർക്കാർ അധികാരത്തിലെത്തി 150 ദിവസം പിന്നിടുമ്പോൾ വലിയ വാഗ്ദാനങ്ങൾ വിശ്വസിച്ച് വോട്ട് ചെയ്ത കേരളത്തിലെ സാധാരണക്കാർക്ക് ലഭിച്ചത് നിരാശയും വഞ്ചനയും മാത്രമാണെന്ന് എസ്. സുരേഷ് പറഞ്ഞു. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അധികാരത്തിലെത്തിയ സർക്കാർ ഇപ്പോൾ അപകടകരമായ രാഷ്ട്രീയമാണ് മുന്നോട്ടുവയ്ക്കുന്നത്. ജനങ്ങളുടെ ക്ഷേമത്തിനും സംസ്ഥാനത്തിന്റെ വികസനത്തിനും ആവശ്യമായ പദ്ധതികൾ നടപ്പിലാക്കുന്നതിനു പകരം അധികാരക്കസേര നിലനിർത്തുന്നതിനും സ്വന്തം രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാസപ്പടി കേസിൽ UDF–LDF തമ്മിൽ ധാരണയുണ്ടെന്ന ആരോപണം ഉന്നയിച്ച എസ്. സുരേഷ്, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട വിഷയത്തിലും ഇരുമുന്നണികളും സ്വീകരിക്കുന്ന നിലപാടുകളെ വിമർശിച്ചു. “കേരളം വീണാൽ എന്താ, വീണയെ രക്ഷിച്ചാൽ മതി എന്ന നിലപാടാണ് UDF–LDF നേതൃത്വം സ്വീകരിക്കുന്നത്” എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കേരളത്തിന്റെ പൊതുതാൽപ്പര്യങ്ങളെക്കാൾ വ്യക്തിപരവും രാഷ്ട്രീയവുമായ താൽപ്പര്യങ്ങൾക്കാണ് ഇരുമുന്നണികളും പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതം വികസനത്തിന്റെ പാതയിൽ മുന്നേറുമ്പോൾ രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് ഭരണസംവിധാനത്തെ അസ്ഥിരപ്പെടുത്താനാണ് രാഹുൽ ഗാന്ധിയും ഇന്ത്യാ മുന്നണിയും ശ്രമിക്കുന്നതെന്ന് എസ്. സുരേഷ് പറഞ്ഞു. തെരഞ്ഞെടുപ്പിലൂടെ നരേന്ദ്രമോദി സർക്കാരിനെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതെന്നും വിദേശരാജ്യങ്ങളിൽനിന്ന് ഫണ്ട് സ്വീകരിച്ച് രാജ്യത്തെ തകർക്കാനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട SIR വിഷയത്തിൽ കോൺഗ്രസ് ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് വിജയിക്കുന്ന സംസ്ഥാനങ്ങളിൽ SIR-നെ അനുകൂലിക്കുകയും പരാജയപ്പെടുന്നിടങ്ങളിൽ അതിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് ഇന്ത്യാ മുന്നണിയുടേത്. ജനാധിപത്യ സംവിധാനത്തിൽ ജനവിധി അംഗീകരിക്കുന്നതിനു പകരം പരാജയങ്ങളുടെ ഉത്തരവാദിത്വം മറ്റ് സംവിധാനങ്ങളുടെ മേൽ ചുമത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യ നേതാക്കളും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ 14 ഗുരുതരമായ പിഴവുകളുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ എസ്. സുരേഷ്, കോടതിയിൽ പോലും കൃത്യമായ ഹർജി സമർപ്പിക്കാൻ കഴിയാത്തവരാണ് രാജ്യത്തിന്റെ ഭരണം തങ്ങളെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് പരിഹസിച്ചു. രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യ സംവിധാനങ്ങളെയും കുറിച്ച് വാചാലരാകുന്ന കോൺഗ്രസ് നേതൃത്വം സ്വന്തം രാഷ്ട്രീയ ചരിത്രം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ജനാധിപത്യത്തെ അട്ടിമറിച്ച ചരിത്രമാണ് നെഹ്റു കുടുംബത്തിന്റേതെന്നും എസ്. സുരേഷ് ആരോപിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പ്രധാനമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് വല്ലഭായ് പട്ടേലിന് പിന്തുണയുണ്ടായിരുന്നിട്ടും ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായ സംഭവവും അദ്ദേഹം പരാമർശിച്ചു. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും പ്രതിപക്ഷ നേതാക്കളെയും ദേശീയ നേതാക്കളെയും ജയിലിലടച്ചതും രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളെ തകർത്ത ചരിത്രമുള്ള കോൺഗ്രസ് നേതൃത്വം ഇന്ന് ജനാധിപത്യത്തിന്റെ സംരക്ഷകരായി ചമയുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗുജറാത്തിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയങ്ങളും ത്രിപുരയിലെ പാർട്ടിയുടെ ദയനീയ പ്രകടനവും പരാമർശിച്ച എസ്. സുരേഷ്, ഇത്തരം പരാജയങ്ങൾക്കെല്ലാം SIR-നെ കുറ്റപ്പെടുത്താനാകുമോയെന്ന് രാഹുൽ ഗാന്ധിയോട് ചോദിച്ചു. രാജ്യത്തുടനീളമുള്ള വോട്ടർമാർ കോൺഗ്രസ് നേതൃത്വത്തെ നിരാകരിക്കുന്നതിന്റെ തെളിവാണ് തുടർച്ചയായ തെരഞ്ഞെടുപ്പ് തിരിച്ചടികളെന്നും ജനങ്ങളുടെ വിശ്വാസം നേടുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ, മേഖലാ പ്രസിഡന്റ് എ. നാകേഷ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.ആർ. ഹരി, സുജയ് സേനൻ, പി.കെ. ബാബു, മേഖലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. രവികുമാർ ഉപ്പത്ത്, അനീഷ് ഇയാൾ, സേവിൻ പള്ളത്ത്, ബിജോയ് തോമസ്, പ്രിന്റു മഹാദേവൻ എന്നിവർ പ്രസംഗിച്ചു.

ബിജെപി സംസ്ഥാന സമിതി അംഗം എം.എസ്. സമ്പൂർണ്ണ, ജില്ലാ ട്രഷറർ വിജയൻ മേപ്പറത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീഷ് മേനോത്തുപറമ്പിൽ, സൗമ്യ സലീഷ്, ദിനേഷ്‌കുമാർ കരിപ്പേരിൽ, സർജു തോയ്ക്കാവ്, റോഷൻ എൻ.ആർ., ഷൈജൻ നമ്പനത്ത്, കൗൺസിലർമാരായ രഘുനാഥ് സി. മേനോൻ, പൂർണിമ സുരേഷ്, വിൻഷി അരുൺ, പത്മിനി ഷാജി, കൃഷ്ണമോഹൻ, അഡ്വ. രേഷ്മ മേനോൻ, മണ്ഡലം പ്രസിഡന്റുമാരായ വിപിൻ ഐനിക്കുന്നത്ത്, അശ്വിൻ വാര്യർ, വിശ്വൻ എം.ആർ., ശ്രീരാഗ്, പ്രശാന്ത് എൻ.എച്ച്., പ്രവീൺ, മനു പള്ളത്ത്, സത്യലക്ഷ്മി ഗിരീഷ്, സുശാന്ത് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *