Kerala

സമഗ്രമായ ഭവനനയം രൂപീകരിക്കുകയാണ്  സർക്കാർ ലക്ഷ്യം: മന്ത്രി കെ. രാജൻ

കൊച്ചി: സമഗ്രമായ ഭവന നയം രൂപീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡും ഭവന നിർമ്മാണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭൂപ്രകൃതിയുടെ വൈവിധ്യവും  സവിശേഷതയും അറിഞ്ഞു പ്രകൃതി ചൂഷണം ഒഴിവാക്കുന്ന ഭവന നിർമ്മാണങ്ങൾ പരീക്ഷിക്കണം.  പ്രവചനാതീതമായ നമ്മുടെ കാലാവസ്ഥയിൽ പ്രകൃതി വിഭവങ്ങൾ വരും തലമുറയ്ക്ക് കൂടി കരുതി വയ്ക്കുന്ന തരത്തിൽ കാലത്തിന് അനുയോജ്യമായ നിർമ്മിതികളാണ് നാടിന്  വേണ്ടത്. 

ദേശീയ ഹൗസ് പാർക്ക് തിരുവനന്തപുരത്ത് ഉടൻ യാഥാർത്ഥ്യമാകും. കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടെ തിരുവനന്തപുരം വാഴമുട്ടത്ത് ആറര ഏക്കർ ഭൂമിയിൽ പാർക്ക് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.  ഭവന നിർമ്മാണ മേഖലയിലെ സാമഗ്രികളും സൗകര്യങ്ങളും പരിചയപ്പെടുത്തുന്ന വിപുലമായ പദ്ധതിയാണ് നാഷണൽ ഹൗസ് പാർക്ക്. 

കാലാവസ്ഥയ്ക്ക് അനുയോജ്യമായി ചെലവ് കുറഞ്ഞ രീതിയിൽ നിർമ്മിക്കാവുന്ന 40 ഓളം നിർമ്മിതികളാണ്  നാഷണൽ ഹൗസ് പാർക്കിൽ പ്രദർശനത്തിനായി ഒരുക്കുന്നത്. 20 കോടി രൂപയിൽ ഒരുങ്ങുന്ന പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തലസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയാകുന്ന  കൺസ്ട്രക്ഷൻ ടെക്നോളജി ഹബ്ബായി മാറും.      

സാധാരണക്കാർക്ക് താങ്ങാനാകുന്ന ഭവന നിർമ്മാണ ഓപ്ഷനുകൾ നൽകുന്നതിൽ കേരള ഹൗസിംഗ് ബോർഡ് നിർണായക പങ്കു വഹിക്കുന്നുണ്ട്. നിർമ്മിതികളാൽ പരിസ്ഥിതി നിറയ്ക്കുന്നതിന് പകരം പ്രകൃതിക്കും മനുഷ്യനും ഒരുമിച്ച് നിലനിൽക്കുന്നതിന് അനുയോജ്യമായ നിർമ്മിതികളാണ് പണിതുയർത്തേണ്ടത്.

കേരളത്തിൽ പ്രായമായവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വയോജനങ്ങളുടെ പരിപാലനത്തിന് കൂടുതൽ ഊന്നൽ നൽകി വാർദ്ധക്യസൗഹൃദ ഭവനങ്ങൾ ഒരുക്കും. ജിംനേഷ്യം, നീന്തൽകുളം, സെക്യൂരിറ്റി സിസ്റ്റം, വായനാമുറി, ആംബുലൻസ്   തുടങ്ങിയ സൗകര്യങ്ങളോടെ അന്തർദേശീയ നിലവാരത്തിൽ തിരുവനന്തപുരത്തും കോട്ടയത്തുമാണ് ആദ്യഘട്ടത്തിൽ  വാർദ്ധക്യ സൗഹൃദ ഭവനങ്ങൾ ഒരുങ്ങുന്നത്. 

എറണാകുളത്ത് മറൈൻഡ്രൈവ് കേന്ദ്രീകരിച്ച് മറൈൻ ഇക്കോ സിറ്റി  നിർമ്മിക്കും. പദ്ധതിക്ക് ക്യാബിനറ്റ് അംഗീകാരം നൽകി. നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരികയാണ്.  തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ഭവന വാണിജ്യ സമുച്ചയമാണ് 2150 കോടി രൂപ ചെലവിൽ മറൈൻഡ്രൈവിൽ യാഥാർത്ഥ്യമാകുന്നത്. രണ്ട് ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 17.9 ഏക്കർ സ്ഥലത്ത് വാണിജ്യ സമുച്ചയം, റെസിഡൻഷ്യൽ കോർട്ട്,  പാർക്കിംഗ് ഏരിയ തുടങ്ങിയ  സൗകര്യങ്ങളോടെയാണ്  മറൈൻ ഇക്കോ സിറ്റി  നിർമ്മിക്കുക.

പ്രകൃതിദുരന്തങ്ങളെ ചെറുക്കുന്ന, സാധാരണക്കാരുടെ സാമ്പത്തികത്തിന് അനുയോഗ്യമായ ഭവന നിർമ്മാണങ്ങളാണ് കേരളം കാത്തിരിക്കുന്നതെന്നും ദേശീയ അന്തർ ദേശീയതലത്തിൽ ഭവന നിർമ്മാണ മേഖലയിൽ വിദഗ്ധരായ വ്യക്തികൾ പങ്കെടുക്കുന്ന ശില്പശാലയിലെ ആശയങ്ങൾ കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ ശക്തി പകരുമെന്നും മന്ത്രി പറഞ്ഞു.
 

Leave a Reply

Your email address will not be published. Required fields are marked *