ടൂറിന് പണം കൈപ്പറ്റി, വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ കുരിയച്ചിറ സെൻ്റ് ജോസഫ് സ്ട്രീറ്റിലെ മന്നേലി വീട്ടിൽ ഉണ്ണികൃഷ്ണൻ.എം, കൃഷണപ്രസാദ്.കെ, പ്രീത.എം.കെ, ജ്യോത്സ്ന.ടി., വേലുപാടം കടുന്തയിൽ വീട്ടിൽ രാംദാസ്.കെ.കെ, രേഖ രാംദാസ് ,അർച്ചന.എം എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ എക്സലൻ്റ് ഇന്ത്യ ഹോളിഡേയ്സ് ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്. ടൂർ സംബന്ധമായി ഓരോരുത്തരിൽ നിന്നും 63000 രൂപ വീതം എതിർകക്ഷി കൈപ്പറ്റിയിരുന്നു. ദുബായിലേക്കാണ് ടൂർ നിശ്ചയിച്ചിരുന്നത്. വിമാനടിക്കറ്റ് ഒഴികെ, വാഗ്ദാനം ചെയ്ത യാതൊന്നും എതിർകക്ഷി നിർവ്വഹിക്കുകയുണ്ടായില്ല. താമസിക്കുവാൻ നിശ്ചയിച്ചിരുന്ന ഹോട്ടലിലെത്തിയപ്പോൾ ഹർജിക്കാർക്ക് വേണ്ടി എതിർകക്ഷി യാതൊരു സംഖ്യയും അടച്ചിരുന്നില്ല. ടൂർ സംബന്ധമായ യാത്രകളോ, ഭക്ഷണമോ, സ്ഥലസന്ദർശനങ്ങൾക്കുള്ള സംവിധാനമോ എതിർകക്ഷി ഏർപ്പാടാക്കിയിരുന്നില്ല. ഇതെല്ലാം ഹർജിക്കാർ സ്വയം നിർവ്വഹിക്കേണ്ട അവസ്ഥയിലായി. ഹർജിക്കാർക്ക് വലിയ കഷ്ടനഷ്ട്ടങ്ങൾക്കിടയായിട്ടുള്ളതാകുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതിർകക്ഷിയുടെ സേവനത്തിലെ വീഴ്ച വിലയിരുത്തി, ഹർജിക്കാർക്ക് 160000 രൂപയും 12% പലിശയും നഷ്ടപരിഹാരമായി 25000 രൂപയും ചിലവിലേക്ക് 10000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
