കേസിലെ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട നിയമവുമായി പൊരുത്തപ്പെടാത്ത മൂന്ന് കുട്ടികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കും
ഇരിങ്ങാലക്കുട : 15-09-2025 തിയ്യതി വൈകീട്ട് 05.00 മണിയോടെ കോണത്തുകുന്ന് ജനതാ കോർണർ സ്വദേശി ആലുക്കത്തറ വീട്ടിൽ പ്രകാശൻ 58 വയസ്സ് എന്നയാളുടെ ചേട്ടന്റെ മകൻ ഷാൻ ഓടിച്ച് വന്നിരുന്ന കാർ പ്രകാശന്റെ വീട്ടിലേക്ക് കയറ്റിടുവാൻ ശ്രമിക്കുന്ന സമയത്ത് പ്രതികൾ വന്നിരുന്ന സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്നു പറഞ്ഞ് ഷാനുമായി തർക്കം ആവുകയും പ്രതികൾ ഹെൽമെറ്റ് എടുത്ത് കാറിലേക്ക് എറിഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ പ്രകാശനെയും ഷാനിനെയും പ്രകാശന്റെ ബന്ധുവായ ലോഹിതാക്ഷൻ എന്നയാളെയും അസഭ്യം പറയുകയും തീർത്തു കളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പ്രകാശന്റെ കഴുത്തിന് നേരെ കത്തി വീശുകയും പ്രതികൾ വിളിച്ച് വരുത്തിയ നിയമവുമായി പൊരുത്തപ്പെടാത്ത മൂന്ന് കുട്ടികൾ സ്ഥലത്തേക്ക് വന്ന് കമ്പി പോലുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കാനെരുങ്ങുകയും ഭീഷണിപ്പെടുത്തുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിന് പ്രകാശന്റെ പരാതിയിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
ഈ കേസിലെ പ്രതികളായ പഴുവിൽ ചിറക്കൽ സ്വദേശി പരേക്കാട്ടിൽ വീട്ടിൽ വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു പ്രസാദ് 23 വയസ്സ്, മാള പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള പുത്തൻച്ചിറ പുളിയിലക്കുന്ന് സ്വദേശി നെടുംപുരക്കൽ വീട്ടിൽ മുഹമ്മദ് ഷാഫി 19 വയസ്സ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഈ കേസിൽ ഉൾപ്പെട്ട നിയവുമായി പൊരുത്തപ്പെടാത്ത മൂന്ന് കുട്ടികളെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കും.
സ്ഥലത്ത് സംഘാർഷാവസ്ഥ കണ്ട് നാട്ടുകാരിൽ ആരോ അടിയന്തിര പ്രതികരണ സംവിധനത്തിന്റെ (ERSS) ഹെൽപ്പ്ലൈൻ നമ്പറായ 112 ൽ വിളിച്ച് വിവരമറിയിച്ചതനുസരിച്ച് ഉടൻതന്നെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ഒരു എസ്.ഐ യും ഒരു സി.പി.ഒ യും സ്ഥലത്തെത്തിയിരുന്നു എന്നാൽ പ്രതികളെയും നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളെയും നിയന്ത്രിക്കാനാവാത്തതിനാൽ കൂടുതൽ പോലീസ് ഉദ്ദ്യോഗസ്ഥരെ വിളിച്ച് വരുത്തിയതാണ് ഇവരെ സ്ഥലത്ത് നിന്ന് നീക്കം ചെയ്ത് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെത്തിച്ചത്. തുടർന്ന് കുറ്റകൃത്യത്തിൽ ഏർപ്പെട്ട മൂന്ന് പേർ പ്രായപൂർത്തിയാവാത്തവരാണെന്ന് മനസിലാക്കി മാതാപിതാക്കളെ വിളിച്ച് വരുത്തി അവരോടൊപ്പം അയക്കുകയായിരുന്നു.
വിഷ്ണു പ്രസാദ് പുതുക്കാട്, തൃശ്ശൂർ ഈസ്റ്റ്, തൃശ്ശൂർ വെസ്റ്റ്, തൃശ്ശൂർ മെഡിക്കൽ കോളേജ്, പാലക്കാട് കോങ്ങാട്, ഇടുക്കി നെടുംങ്കണ്ടം പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും മയക്ക് മരുന്ന് വിൽപ്പനക്കായി സൂക്ഷിച്ച മൂന്ന് കേസുകളിലും, രണ്ട് അടിപിടിക്കേസുകളിലും മയക്കുമരുന്ന് ഉപയോഗിച്ച മൂന്ന് കേസുകളിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസിലും അടക്കം ആകെ പത്ത് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.
മുഹമ്മദ് ഷാഫി കൊടുങ്ങല്ലൂർ മാള പോലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് അടിപിടിക്കേസുകളിലെ പ്രതിയാണ്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജിനേഷ്.കെ.ജെ, എസ്.ഐ. മാരായ സോജൻ.എ.കെ, കൃഷ്ണപ്രസാദ്.എം.ആർ, ദിനേഷ് കുമാർ.പി.ആർ, നാസ്സർ.കെ.എം, ജി.എസ്.ഐ സതീശൻ, മുഹമ്മദ് റാഷി, ജി.എ.എസ്.ഐ ഷാബു, ഗോപകുമാർ, ജി.എസ്.സി.പി.ഒ മാരായ അർജ്ജുൻ, കമൽകൃഷ്ണ, സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.





