Kerala

ആലപ്പുഴ നഗരത്തെ മികച്ച വിനോദസഞ്ചാര നഗരമാക്കി മാറ്റും – എ.എം. ആരിഫ് എം. പി.* -ഇരുമ്പുപാലം നടപ്പാലം നാടിന് സമർപ്പിച്ചു

ആലപ്പുഴ: ആലപ്പുഴ നഗരത്തെ മികച്ച വിനോദസഞ്ചാര നഗരമാക്കി മാറ്റിയെടുക്കാനുള്ള നിരവധി പദ്ധതികൾ വിഭവനം ചെയ്തു വരികയാണെന്ന് എ.എം. ആരിഫ് എം. പി. ആലപ്പുഴ നഗരത്തിൽ പൂർത്തിയാക്കിയ ഇരുമ്പുപാലം നടപ്പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ആലപ്പുഴ പട്ടണത്തിന്റെ പ്രൗഢിയും പ്രതാപവും വീണ്ടെടുക്കാനുള്ള പരിശ്രമങ്ങൾ നടന്നു വരികയാണ്. ഒന്നാം പിണറായി സർക്കാർ കാലത്ത് വിഭാവനം ചെയ്ത മുസരീസ് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ആലപ്പുഴ നഗരത്തിന്റെ മുഖഛായ മാറും. ലൈറ്റ് ഹൗസിന്റെ പൈതൃക ഭംഗി നിലനിർത്തിക്കൊണ്ടു തന്നെ സമാന്തരമായി ലിഫ്റ്റ് നിർമ്മിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളുടെ മുൻവശങ്ങൾ ഏകീകൃത രീതിയിൽ മോടിയാക്കും. പാർക്ക് സ്ഥാപിച്ച് നഗരം നവീകരിച്ച് അക്ഷരാർത്ഥത്തിൽ വിനോദസഞ്ചാര നഗരമാക്കി ആലപ്പുഴയെ മാറ്റിയെടുക്കാനുള്ള പരിശ്രമങ്ങൾ നടന്നുവരികയാണെന്നും എം.പി. പറഞ്ഞു.

20 കോടി രൂപ മുടക്കി പുനർ നിർമ്മിക്കുന്ന ആലപ്പുഴ കടൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. 8.5 കോടി രൂപ മുടക്കി നവീകരിക്കുന്ന ആലപ്പുഴ റയിൽവെ സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഒക്ടോബർ 24 -ന് പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭയിലെ മുനിസിപ്പൽ ഓഫീസ് വാർഡിനേയും മുല്ലയ്ക്കൽ വാർഡിനേയും ബന്ധിപ്പിച്ച് കോമേഴ്സ്യൽ കനാലിന് കുറുകെ നഗരത്തിലേക്ക് എത്തുന്ന ടൂറിസ്റ്റുകളെ ആകർഷിക്കും വിധം പൂരവഞ്ചിയുടെ ആകൃതിയിൽ ഡിസൈന്‍, ലൈറ്റിംഗ് സംവിധാനത്തോടെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്. അമൃത് 1.0 പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 55 ലക്ഷം രൂപയും നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്ന് അനുവദിച്ച 11 ലക്ഷം രൂപയും വിനിയോഗിച്ചാണ് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *