Kerala News

ഉപഭോക്തൃ വിധി പ്രകാരം 5,95,000 രൂപ നൽകിയില്ല,പ്രവാസി ചിട്ട്സ് സിൻ്റിക്കേറ്റ് എം ഡിക്ക് വാറണ്ട്

ഉപഭോക്തൃ വിധി പ്രകാരം 5,95,000 രൂപയും പലിശയും നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കുറി സ്ഥാപനത്തിൻ്റെ എം ഡിക്കെതിരെ വാറണ്ട് അയക്കുവാൻ ഉത്തരവ്. ചാവക്കാട് കറുപ്പം വീട്ടിൽ ഷംസുദീൻ.കെ.വി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഏങ്ങണ്ടിയൂരുള്ള പ്രവാസി സിൻറിക്കേറ്റ് ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഉത്തരവായത്. ഷംസുദീൻ കുറിപ്രകാരം സംഖ്യ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ 5,70,000 രൂപയും 12% പലിശയും നഷ്ടപരിഹാരമായി 25,000 രൂപയും നൽകുവാൻ വിധിയുണ്ടായിരുന്നു. ഒരു മാസത്തിനുള്ളിൽ വിധി പ്രകാരം സംഖ്യ നൽകണമെന്നായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്. എന്നാൽ വിധി പ്രകാരം സംഖ്യ നൽകുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഷംസുദീൻ ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവ് ശിക്ഷ വിധിക്കുവാനും ഒരു ലക്ഷം രൂപ പിഴ വിധിക്കുവാനും ഉപഭോക്തൃ കോടതിക്ക് അധികാരമുണ്ട്. ഹർജിയിൽ വാദം കേട്ട പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി പോലീസ് മുഖേനെ എതിർകക്ഷിക്ക് വാറണ്ട് പുറപ്പെടുവിച്ചു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *