Kerala News

സ്റ്റേയ്ക്ക് ഉത്തരവാദി സംസ്ഥാന സർക്കാർ: കെ.സുരേന്ദ്രൻ

കോഴിക്കോട്: സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടു കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചതെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലിസ് അറസ്റ്റ് വൈകിച്ചതിൻ്റെ തിരിച്ചടിയാണ് ഇപ്പോൾ കാണുന്നതെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ജാമ്യാപേക്ഷയിൽ സെഷൻസ് കോടതി പരിഗണിച്ച കാര്യം പരിശോധിക്കാതെ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചത് എന്താണെന്ന് മനസിലാകുന്നില്ല. ഹൈക്കോടതിയെ വിമർശിക്കുന്നില്ലെങ്കിലും ഒറ്റ നോട്ടത്തിൽ 15 വരെ അറസ്റ്റ് നീട്ടിയത് നീതീകരിക്കാനാവില്ല. അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവാതിരുന്നത് സി.പി.എമ്മിൻ്റെ രാഷ്ട്രീയ താത്പര്യമായിരുന്നു. ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ എട്ടു മണിക്കൂർ കൊണ്ട് പിടിക്കാൻ സാധിച്ച പൊലീസിന് രാഹുലിനെ പിടിക്കാൻ 10 ദിവസം ആയിട്ടും പറ്റുന്നില്ലെന്നത് നാണക്കേടാണ്. മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. ഹൈക്കോടതി എന്ത് പറഞ്ഞാലും രാഹുലിനും കോൺഗ്രസിനും ശിക്ഷ കിട്ടുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

വികസനമുരടിപ്പും അഴിമതിയുമാണ് അഞ്ചുവർഷത്തെ കോർപ്പറേഷൻ ഭരണത്തിൻ്റെ മുഖമുദ്ര. മേയറെ നോക്കുകുത്തിയാക്കി ഡെപ്യൂട്ടി മേയറുടെ അഴിമതി ഭരണമാണ് നടന്നത്. സി.പി.എമ്മിന് അഴിമതിയുടെ വലിയ ഗുണം ലഭിച്ചു. കോർപ്പറേഷൻ്റെ അനാസ്ഥയുടെ ഫലമായി കേന്ദ്ര സഹായം പൂർണമായും ഉപകാരപ്രദമാക്കാൻ സാധിച്ചില്ല. പാവപ്പെട്ടവരുടെ കഴുത്തിന് പിടിക്കുന്ന ഭരണ സമിതി വൻകിടക്കാരെ സഹായിക്കുകയാണ് ചെയ്തത്. കോർപ്പറേഷന് യു.ഡി.എഫ് മൗനപിന്തുണ നൽകി. എൻ.ഡി.എ ഭരണം വന്നാൽ 45 ദിവസത്തിനകം വികസന രേഖയുടെ ബ്ലൂ പ്രിൻ്റ് ഇറക്കും. ബി.ജെ.പിയെ പരാജയപ്പെടുത്താൻ എൽ.ഡി.എഫ്- യു.ഡി.എഫ് സഖ്യമുണ്ട്. പല ഡിവിഷനിലും യു.ഡി.എഫ് പ്രവർത്തനം മരവിപ്പിച്ചിരിക്കുകയാണ്. വർഗീയ ശക്തികളുമായി ചേർന്നാണ് രണ്ട് മുന്നണികളും മത്സരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുമായി യു.ഡി.എഫിന് പരസ്യ സഖ്യവും എസ്.ഡി.പി.ഐയുമായി എൽ.ഡി.എഫിന് രഹസ്യ സഖ്യവുമുണ്ട്. കോർപ്പറേഷനിൽ ഭരണമാറ്റമുണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *