India News

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ട്രാക്കിലേക്ക്, ജനുവരി 26ന് പരീക്ഷണയോട്ടം

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഈ മാസം 26ന് പരീക്ഷണയോട്ടം നടത്തും. നോര്‍ത്തേണ്‍ റെയില്‍വേയിലെ ജിന്ദ് -സോനിപത്ത് സ്റ്റേഷനുകള്‍ക്കിടയില്‍ 90 കിലോമീറ്റര്‍ ദൂരത്തിലാണ് രാജ്യത്ത് ആദ്യമായി ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. തദ്ദേശീയമായി വികസിപ്പിച്ച ട്രെയിനിന്റെ പരീക്ഷണയോട്ടത്തിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ലോകത്ത് ആകെ 5 രാജ്യങ്ങളില്‍ മാത്രമാണു നിലവില്‍ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ്. ബ്രോഡ് ഗേജില്‍ ലോകത്തെ ഏറ്റവും നീളം കൂടിയ ട്രെയിനാണ് ഇന്ത്യയിലേത്. 10 കോച്ചുകള്‍. 2500 പേര്‍ക്ക് യാത്ര ചെയ്യാം. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണു കോച്ചുകളുടെ നിര്‍മാണം. മണിക്കൂറില്‍ പരമാവധി 150 കിലോമീറ്റര്‍ വരെ ട്രെയിനിനു വേഗം കൈവരിക്കാം. ഓട്ടമാറ്റിക് ഡോറുകളുള്ള ട്രെയിനില്‍ വാതില്‍ പൂര്‍ണമായി അടഞ്ഞാല്‍ മാത്രമേ ട്രെയിന്‍ മുന്നോട്ടു നീങ്ങുകയുള്ളൂ.

നമോ ഗ്രീന്‍ ട്രെയിന്‍ എന്ന പേരില്‍ സര്‍വീസ് നടത്താന്‍ ഒരുങ്ങുന്ന ട്രെയിന്‍ ട്രാക്കില്‍ ഓടാന്‍ തുടങ്ങിയാല്‍ പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന നാഴികക്കല്ല് ആണ് പിന്നിടുക. ട്രെയിനിന്റെ അന്തിമ ലോഡിംഗും പരിശോധനയും ഈ ആഴ്ച ജിന്ദ് റെയില്‍വേ സ്റ്റേഷനില്‍ നടക്കും. ഏറ്റവും പുതിയ ഇലക്ട്രോകെമിക്കല്‍ സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇന്ധനത്തിനായി 9 കിലോ വെള്ളം ഉപയോഗിച്ച് 900 ഗ്രാം ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണിത്. ഒരു കിലോമീറ്റര്‍ ട്രെയിന്‍ ഓടിക്കാന്‍ ഇത് മതിയാകും. ട്രെയിനിന് 3,000 കിലോഗ്രാം ഹൈഡ്രജനും 7,680 കിലോഗ്രാം ഓക്‌സിജനും ഉള്‍ക്കൊള്ളാന്‍ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *