Kerala

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മുസ്ലിങ്ങളിൽ ഭയാശങ്കയുണ്ടാക്കി സമുദായിക ധ്രൂവീകരണത്തിന് ശ്രമിക്കുന്നു – കെ.സുരേന്ദ്രൻ

കൊച്ചി: പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മുസ്ലീങ്ങളുടെ ഇടയിൽ ഭയാശങ്ക ഉണ്ടാക്കി സമുദായിക ധ്രൂവീകരണമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് എൻ.ഡി.എ സംസ്ഥാന ചെയർമാനും ബിജെപി സംസ്ഥാന പ്രസിഡണ്ടുമായ കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
എളംകുളത്ത് ദേശീയ ജനാധിപത്യ സഖ്യം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി ജെ പി സർക്കാർ മുസ്ലിങ്ങളെ രണ്ടാം തരം പൗരന്മാരായി കാണുന്നുവെന്നും മുസ്ലീങ്ങളുടെ പൗരത്വം ചോദ്യം ചെയ്യപ്പെടുന്നു എന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് മുസ്ലിങ്ങളിൽ തെറ്റിധാരണപടർത്തി വർഗ്ഗീയ വികാരം ആളിക്കത്തിച്ച് വോട്ടുബാങ്ക് സൃഷ്ടിക്കാനാണ്.
തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. പ്രതിപക്ഷ നേതാവ് ഇതിനെതിരെ മിണ്ടില്ലെന്ന് മാത്രമല്ല.. അതിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതും.
വോട്ടിന് വേണ്ടി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാൻ പോലും ഇരുവരും തയ്യാറായിരിക്കുന്നു.
റഷ്യയിൽ ഭീകരാക്രമണത്തിൽ 139 പേർ കൊല്ലപ്പെട്ടു. അതിനെ അപലപിക്കുവാൻ ഒരാൾ പോലും തയ്യാറായില്ല. മുസ്ലിം സമുദായത്തിനു മാത്രമല്ല മറ്റ് സമുദായങ്ങൾക്കും വോട്ടുളള കാര്യം ഇരുവരും മറക്കരുതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
7 മാസമായി മുടങ്ങിക്കിടക്കുന സാമുഹ്യ ക്ഷേമ പെൻഷൻ,- വിലക്കയറ്റം, വികസന രാഹിത്യം, സാമ്പത്തിക പ്രതിസന്ധി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണ പ്രതിസന്ധി, കോളേജുകളിൽ എസ്.എഫ്.ഐ അക്രമം തുടങ്ങിയ ജനങ്ങളുടെ ജീവിത പ്രശനങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാകാതെ ഇരു മുന്നണികളും വർഗ്ഗീയ വേർതിരിവ് സൃഷ്ടിച്ച് വോട്ടു സമാഹരിക്കാൻ മാത്രം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വയനാട്ടിൽ രാഹുൽ ഗാന്ധി ടൂറിസ്റ്റ് എം.പി മാത്രമായിരുന്നെന്നും കഴിഞ്ഞ 5 വർഷ കാലയളവിൽ വയനാട്ടിന് വേണ്ടി ഒന്നും ചെയ്യുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും വയനാട് മണ്ഡലത്തിന്റെ എൻ.ഡി.എ. സ്ഥാനാർത്ഥി കൂടിയായ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
ബിജെപി സംസ്ഥാന വക്താവും ലോകസഭ മണ്ഡലം ഇൻ ചാർജുമായ അഡ്വ. നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.
എൻ.ഡി. എ. ലോകസഭ സ്ഥാനാർത്ഥി ഡോ.കെ.എസ്. രാധാകൃഷ്ണൻ, മണ്ഡലം ചെയർമാൻ അഡ്വ. കെ.എസ്. ഷൈജു, ബിജെപി സംസ്ഥാന വക്താക്കളായ കെ.വി.എസ്. ഹരിദാസ്, അഡ്വ. ടി.പി. സിന്ധുമോൾ, ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. നോബിൾ മാത്യു, സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫ്, ബിഡി ജെ എസ് ജില്ലാ പ്രസിഡണ്ട് അഡ്വ. ശ്രീകുമാർ തട്ടാരത്ത്, സംസ്ഥാന സമിതിയംഗം പ്രൊഫ. മോഹനൻ, ജില്ലാ ജന. സെക്രട്ടറി ദേവദത്ത് ദേവസുധ, എൽജെ പി ജില്ലാ പ്രസിഡണ്ട് ലാലു, ബി ജെപി വ്യവസായ സെൽ സംസ്ഥാന കൺവീനർ എ. അനൂപ്, സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ. കെ.വി. സാബു, എൻ.പി. ശങ്കരൻകുട്ടി, പാദ്മജ എസ്. മേനോൻ, ജില്ലാ ജന. സെക്രട്ടറി എസ്. സജി എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ്സ് – സേവാദൾ നേതാക്കളായിരുന്ന പ്രകാശ് പല്ലിശ്ശേരി, രതീഷ് രവി, നിക്സൺ ജോർജ്, പി.കെ.ദാസ്, അഡ്വ..തോമസ് മാത്യു, റോബർട്ട് സേവ്യർ, മായ അശോക്കുമാർ, അജി പാലാരിവട്ടം, വിജോയ്,രമേശ്, സന്ദീപ് വള്ളുവശ്ശേരി, ഡോ. രാധാ രവീന്ദ്രൻ, പ്രീതി രവീന്ദ്രൻ എന്നിവരെ സംസ്ഥാന പ്രസിഡണ്ട് പാർട്ടിയിലേക്ക് സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *