ദുബായ്: റമദാൻ മാസം ആരംഭിക്കുന്നതോടെ യുഎഇയിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ് ലഭിക്കും. ഫെബ്രുവരി 19ന് റമദാൻ ആരംഭിക്കാനാണ് സാധ്യതയെന്ന് തൊഴിൽ നിയമവൃത്തങ്ങൾ അറിയിച്ചു. ഇതനുസരിച്ച്, റമദാൻ കാലയളവിൽ ജീവനക്കാരുടെ ദിവസേനത്തെ ജോലി സമയം കുറയ്ക്കുന്ന വ്യവസ്ഥകൾ പ്രാബല്യത്തിൽ വരും.
2022ലെ കാബിനറ്റ് റെസല്യൂഷൻ നമ്പർ 1 പ്രകാരം, മാനവ വിഭവശേഷി–എമിററ്റൈസേഷൻ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും റമദാനിൽ ദിവസേന രണ്ട് മണിക്കൂർ ജോലി സമയം കുറയ്ക്കണം. ജോലിയുടെയും പദവിയുടെയും സ്വഭാവം നോക്കാതെയാണ് ഇളവ് ബാധകമാകുന്നത്. സ്ഥാപനങ്ങൾക്ക് ഷിഫ്റ്റ് സംവിധാനമോ റിമോട്ട് വർക്ക് സംവിധാനങ്ങളോ ഏർപ്പെടുത്താൻ കഴിയുമെങ്കിലും, രണ്ട് മണിക്കൂർ ഇളവ് നിർബന്ധമായി പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
മുൻ വർഷങ്ങളിൽ നൽകിയ നിർദേശങ്ങൾ പ്രകാരം, ഈ ഇളവ് മുസ്ലീം–മുസ്ലീം ഇതര ജീവനക്കാർക്കൊന്നാകെ ബാധകമാണ്. മതപരമായ പരിഗണനകളല്ല, തൊഴിൽ നിയമങ്ങളാണ് ഇതിന്റെ അടിസ്ഥാനമെന്നും അധികൃതർ അറിയിച്ചു. സർക്കാർ മേഖലയിൽ റമദാൻ ജോലി സമയക്രമം സംബന്ധിച്ച പ്രത്യേക സർക്കുലറുകൾ ഫെഡറൽ, പ്രാദേശിക ഭരണകൂടങ്ങൾ റമദാൻ ആരംഭിക്കുന്നതിന് അടുത്ത ദിവസങ്ങളിൽ പുറത്തിറക്കും. ചില വകുപ്പുകളിൽ റിമോട്ട് വർക്ക് തുടങ്ങിയ ക്രമീകരണങ്ങളും ഇതിൽ ഉൾപ്പെടും. ജനസേവന വിഭാഗങ്ങളും അവശ്യ സേവനങ്ങളും കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിൽ സമയം ക്രമീകരണങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.





