തിരുവനന്തപുരം: എം പരിവാഹൻ ആപ്പിന്റെ പേരിൽ നടക്കുന്ന സൈബർ തട്ടിപ്പുകൾ വീണ്ടും പെരുകുന്നു. ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാട്‌സ്ആപ്പ് വഴി വരുന്ന വ്യാജ സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്തതോടെ തിരുവനന്തപുരം മേഖലയിൽ നിരവധി പേർ തട്ടിപ്പിനിരയായതായി സൈബർ ക്രൈം പൊലീസ് അറിയിച്ചു. തിരുവനന്തപുരം റൂറൽ സൈബർ ക്രൈം വിഭാഗത്തിന്റെ വിവരമനുസരിച്ച്, ഇതിനകം പലർക്കും വൻതുക നഷ്ടമായിട്ടുണ്ട്.
വാട്‌സ്ആപ്പ് സന്ദേശത്തിലെ ലിങ്കിലൂടെയോ ‘എപികെ’ ഫയൽ ഡൗൺലോഡ് ചെയ്യാനാവശ്യപ്പെട്ടോ ആണ് തട്ടിപ്പുകാർ ആളുകളെ കുടുക്കുന്നത്. ഫയൽ ഇൻസ്റ്റാൾ ചെയ്തതിന് പിന്നാലെ ഫോൺ നിയന്ത്രണം കൈവശപ്പെടുത്തി ഗൂഗിൾ പേ, ഫോൺ പേ, ബാങ്ക് ആപ്പുകൾ വഴിയാണ് പണം പിൻവലിക്കുന്നത്. ഇന്ന് റിപ്പോർട്ട് ചെയ്ത ആറു കേസുകളിൽ തട്ടിപ്പിനിരയായവർക്ക് 12,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നഷ്ടമായതായി അധികൃതർ വ്യക്തമാക്കി. ഗതാഗത നിയമലംഘന പിഴ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ എസ്എംഎസ് വഴിയാണ് മാത്രമേ മോട്ടോർ വാഹന വകുപ്പ് അയക്കാറുള്ളുവെന്നും, വാട്‌സ്ആപ്പിലൂടെ ഒരിക്കലും അറിയിപ്പ് നൽകില്ലെന്നും അധികൃതർ വ്യക്തമാക്കി. എം പരിവാഹന്റെ പേരിൽ വാട്‌സ്ആപ്പിലൂടെ വരുന്ന എല്ലാ സന്ദേശങ്ങളും വ്യാജമാണെന്നും, ഇത്തരം തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സൈബർ ക്രൈം വിഭാഗം മുന്നറിയിപ്പ് നൽകി.





