തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പഠനമികവുള്ള വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമായി, നോർക്ക റൂട്ട്‌സുമായി സഹകരിച്ച് ആർ. പി. ഫൗണ്ടേഷൻ നടപ്പിലാക്കുന്ന ‘ഡോ. രവി പിള്ള അക്കാദമിക് എക്‌സലൻസ് സ്‌കോളർഷിപ്പ്’ പദ്ധതിയുടെ വിതരണോദ്ഘാടനം ഫെബ്രുവരി 11ന് നടക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകുന്നേരം 3.30ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജൻ, ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ എന്നിവരും പങ്കെടുക്കും.
പ്രമുഖ പ്രവാസി വ്യവസായി ഡോ. ബി. രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ. പി. ഫൗണ്ടേഷൻ, പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സുമായി ചേർന്നാണ് ഈ മഹത്തായ പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത 50 വർഷത്തിനായി 525 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി ഈ വർഷം 1,500 വിദ്യാർത്ഥികൾക്ക് 10 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. ആകെ ലഭിച്ച 10,942 അപേക്ഷകളിൽ നിന്നാണ് കർശനവും സുതാര്യവുമായ മാനദണ്ഡങ്ങളിലൂടെ അർഹരായ വിദ്യാർത്ഥികളെ തെരഞ്ഞെടുത്തത്.
സ്‌കോളർഷിപ്പ് മൂന്ന് വിഭാഗങ്ങളിലായാണ് വിതരണം ചെയ്യുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ (സ്റ്റേറ്റ്, CBSE, ICSE) പഠിക്കുന്ന 1,100 വിദ്യാർത്ഥികൾക്ക് 50,000 രൂപ വീതം ആകെ 5.5 കോടി രൂപ നൽകും. ബിരുദ തലത്തിൽ പഠിക്കുന്ന 200 വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം രണ്ട് കോടി രൂപയും, ബിരുദാനന്തര ബിരുദം പഠിക്കുന്ന 200 പേർക്ക് 1.25 ലക്ഷം രൂപ വീതം 2.5 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിലും 20 ശതമാനം സ്‌കോളർഷിപ്പുകൾ പ്രവാസി കേരളീയരുടെ മക്കൾക്കായും 5 ശതമാനം ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായും മാറ്റിവെച്ചിട്ടുണ്ട്.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ദീർഘകാല മാറ്റങ്ങൾ ലക്ഷ്യമിടുന്ന ഈ പദ്ധതി, ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ചിറകേകുന്നതായാണ് വിലയിരുത്തപ്പെടുന്നത്. എംപിമാർ, എംഎൽഎമാർ, ആർ. പി. ഗ്രൂപ്പ് ചെയർമാനും നോർക്ക റൂട്ട്‌സ് ഡയറക്ടറുമായ ഡോ. ബി. രവി പിള്ള, നോർക്ക റൂട്ട്‌സിലെയും ആർ. പി. ഫൗണ്ടേഷനിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് നോർക്ക റൂട്ട്‌സ് സി.ഇ.ഒ. അജിത് കോളശേരി അറിയിച്ചു.





