Kerala News

ശബരിമല എസ്ഐടി അന്വേഷണം ‘കൊല്ലപ്പെട്ടു’ – കേന്ദ്ര ഏജൻസി അന്വേഷണമാവശ്യപ്പെട്ട് ബിജെപി

തൃശ്ശൂർ: ശബരിമല വിഷയത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷണം പൂർണമായും പരാജയപ്പെട്ടുവെന്നും, എൽഡിഎഫ്–യുഡിഎഫ് ‘കുറുവാസംഘം’ ചേർന്ന് അന്വേഷണം കൊല്ലുകയായിരുന്നുവെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ആരോപിച്ചു. തൃശ്ശൂരിൽ മാധ്യമപ്രവർത്തകരെ കാണുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്യും കൂടെയുണ്ടായിരുന്നു.

ആദ്യഘട്ടത്തിൽ തന്നെ എസ്ഐടി അന്വേഷണം പര്യാപ്തമല്ലെന്ന് ബിജെപി വ്യക്തമാക്കിയിരുന്നുവെന്നും, തുടക്കം മുതൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന ആവശ്യം പാർട്ടി ഉയർത്തിയതാണെന്നും അനൂപ് ആന്റണി പറഞ്ഞു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധമുള്ള നേതാക്കളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എസ്ഐടിക്ക് കഴിയില്ല, അതിനാൽ ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്ര ഏജൻസികൾ തന്നെ നടത്തണം എന്നതാണ് ബിജെപിയുടെ നിലപാടെന്ന് അദ്ദേഹം ആവർത്തിച്ചു.

‘ദില്ലി പ്രവാസ്’ – ബിജെപി ജനപ്രതിനിധികൾ ഡൽഹിയിലേക്ക്

കേരളത്തിലെ ബിജെപി ജനപ്രതിനിധികൾ ഡൽഹിയിൽ എത്തി പ്രധാനമന്ത്രിയെ കാണുമെന്നും അനൂപ് ആന്റണി അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച കോർപ്പറേഷനുകളിലെ മേയറും ഡെപ്യൂട്ടി മേയറും, നഗരസഭകളിലെ ചെയർമാൻ, വൈസ് ചെയർമാൻ, പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് ഡൽഹിയിലേക്ക് പോകുന്നത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ഡൽഹിയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്. നാളെ (08/02/2026) രാവിലെ കേരള എക്സ്പ്രസിൽ യാത്ര ആരംഭിക്കും. ഈ യാത്രയ്ക്ക് ‘ദില്ലി പ്രവാസ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്.

ഡൽഹിയിലെത്തുന്ന സംഘത്തെ ഡൽഹി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിക്കുമെന്നും, പാർലമെന്റ്, രാഷ്ട്രപതി ഭവൻ, കൂടാതെ പ്രധാനമന്ത്രിയുടെ വസതി എന്നിവ സംഘം സന്ദർശിക്കുമെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.

തൃശ്ശൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്യും സന്നിഹിതനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *