ശബരിമല സന്നിധാനത്ത് ദിവസവേതനക്കാരായി ജോലി ചെയ്തിരുന്ന ശാന്തിക്കാർ ഉൾപ്പെടെയുള്ള താത്കാലിക ജീവനക്കാർ ലക്ഷക്കണക്കിന് രൂപ ബാങ്കും പോസ്റ്റ് ഓഫീസും വഴി ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് അയച്ചതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. ആഴ്ചതോറും പതിനായിരം മുതൽ അൻപതിനായിരം രൂപ വരെ കൈമാറിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. നൂറിലധികം പേരാണ് ഇത്തരത്തിൽ പണം അയച്ചതെന്നാണ് കണ്ടെത്തൽ.
ശബരിമലയിൽ നടക്കുന്ന വെട്ടിപ്പുകൾ വിവാദമായ പശ്ചാത്തലത്തിലാണ് സന്നിധാനത്തെ ബാങ്കും പോസ്റ്റ് ഓഫീസും ദേവസ്വം വിജിലൻസിനെ വിവരം അറിയിച്ചത്. മകരവിളക്ക് കാലത്താണ് അന്വേഷണം ആരംഭിച്ചത്. ചില ദേവസ്വം ജീവനക്കാരും ഇത്തരത്തിൽ പണമയച്ചതായി അന്വേഷണത്തിൽ വ്യക്തമായി.
650 രൂപയാണ് ദിവസവേതനം. മണ്ഡലകാലത്തെ 42 ദിവസവും മകരവിളക്ക് കാലത്തെ 22 ദിവസവും ചേർത്ത് മൊത്തം 64 ദിവസമാണ് സേവനകാലം. ആകെ വേതനം ഏകദേശം 42,000 രൂപ മാത്രമാണ്. ഇതിൽ 2,000 രൂപ അഡ്വാൻസ് പിടിച്ചുവെച്ച് തീർത്ഥാടനകാലം അവസാനിച്ച ശേഷം അക്കൗണ്ടിലേക്കാണ് തുക കൈമാറുന്നത്. അതിനാൽ ലക്ഷങ്ങൾ അയച്ച പണം വേതനമാണെന്ന് അവകാശപ്പെടാൻ കഴിയില്ലെന്നാണ് വിജിലൻസ് നിലപാട്.
എല്ലാ ദിവസവേതനക്കാരുടെയും അക്കൗണ്ട് ഇടപാടുകൾ ദേവസ്വം വിജിലൻസ് പരിശോധിച്ചു തുടങ്ങി. സമഗ്ര പരിശോധന പൂർത്തിയായ ശേഷം ദേവസ്വം ബോർഡിനും ഹൈക്കോടതിക്കും വിശദമായ റിപ്പോർട്ട് നൽകും. താത്കാലിക ജീവനക്കാരോട് രേഖകളുമായി തിരുവനന്തപുരത്തെ ദേവസ്വം വിജിലൻസ് ഓഫീസിൽ ഹാജരാകാൻ മൊബൈൽ ഫോണിലൂടെ നിർദേശിച്ചെങ്കിലും ആരും ഹാജരായില്ലെന്നാണ് സൂചന.
ചിലർ വർഷങ്ങളായി എല്ലാ തീർത്ഥാടന കാലത്തും ദിവസവേതനക്കാരായി എത്തുന്നവരാണെന്നും ഇവർക്ക് ബോർഡിന്റെ സ്ഥിരം ജീവനക്കാരെക്കാൾ പോലും ശബരിമലയിൽ സ്വാധീനമുണ്ടെന്നുമാണ് കണ്ടെത്തൽ. ഇവരുടെ മുൻവർഷങ്ങളിലെ ബാങ്ക് ഇടപാടുകളും പരിശോധിക്കും.
പൂജകളിലും വഴിപാട് ബുക്കിംഗുകളിലും ഇടനിലക്കാരായി പ്രവർത്തിക്കുന്നുവെന്ന ശക്തമായ സംശയവും അന്വേഷണ സംഘത്തിനുണ്ട്. നേരത്തെ നെയ്യഭിഷേകത്തിൽ ജീവനക്കാർ ഇടനില നിൽക്കുന്നുവെന്ന് സംസ്ഥാന വിജിലൻസ് കണ്ടെത്തിയിരുന്നു. മേൽശാന്തിയുടെയും തന്ത്രിയുടെയും സഹായികൾ ഈ ശൃംഖലയിലെ പ്രധാന കണ്ണികളാണെന്നും റിപ്പോർട്ടുണ്ട്.
ദേവസ്വം വിലക്ക് ലംഘിച്ച് ഹോട്ടലുകളിലും മറ്റ് സ്ഥാപനങ്ങളിലും അധികസമയം ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരുണ്ടെങ്കിലും, അത്തരത്തിലുള്ള ജോലികളിലൂടെയും ലക്ഷങ്ങൾ സമ്പാദിക്കാനാവില്ലെന്നാണ് വിജിലൻസ് വിലയിരുത്തൽ.





