Kerala News

വെന്തുരുകി കേരളം: കണ്ണൂരിൽ 37°C; പല ജില്ലകളിൽ 35 കടന്നു, ജാഗ്രത നിർദേശം

തിരുവനന്തപുരം: കടുത്ത ചൂട് തുടരുന്ന കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില കണ്ണൂരിൽ 37 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടുപ്രകാരം എറണാകുളം, കോട്ടയം, കോഴിക്കോട് ജില്ലകളിൽ പകൽ താപനില 35 ഡിഗ്രിയിലേക്ക് ഉയർന്നു. ഏറ്റവും കുറഞ്ഞ പകൽ താപനില 31 ഡിഗ്രി തിരുവനന്തപുരത്തും രാത്രി താപനില 20 ഡിഗ്രിയായി പുനലൂരിലുമാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 17 വരെ സംസ്ഥാനത്ത് പൊതുവെ വരണ്ട കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൂട് കനക്കുന്നതിനിടെ ഇടുക്കിയിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാറിൽ യു വി ഇൻഡെക്സ് 8 ആയി ഉയർന്നപ്പോൾ മുന്നറിയിപ്പ് നൽകിയ ജില്ലകളിൽ ഇത് 6 ആയി രേഖപ്പെടുത്തി.

അൾട്രാവയലറ്റ് കിരണങ്ങൾ കൂടുതൽ നേരം ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. പകൽ 10 മുതൽ 3 വരെ ഉയർന്ന യു വി സൂചിക രേഖപ്പെടുന്നതിനാൽ ആ സമയങ്ങളിൽ നേരിട്ടുള്ള സൂര്യപ്രകാശം പരമാവധി ഒഴിവാക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർ പ്രത്യേകം ജാഗ്രത പാലിക്കണം. പുറത്തിറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുകയും ശരീരം മുഴുവൻ മറയ്ക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും ഇടവേളകളിൽ തണലിൽ വിശ്രമിക്കുകയും ചെയ്യണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *